ധീരജിന്‍റെ നീറുന്ന ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്

Spread the love

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ ജനുവരി പത്തിന് ക്യാമ്പസിനുള്ളിലിട്ട് എട്ടംഗ സംഘം ധീരജിനെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ധീരജിന്റെ കൊലപാതകവാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒന്നാം രക്തസാക്ഷി ദിനാചരണം വിപുലമായ പരിപാടികളോടെയാണ് എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി ആചരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതക വാര്‍ത്ത പുറത്തു വന്നത്. പുറത്ത് നിന്നെത്തിയ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് തന്റെ കലാലയത്തിന് മുന്നിലിട്ട് ധീരജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ ഹൃദയത്തിലേറ്റ മുറിവായിരുന്നു മരണകാരണം. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയടക്കം പ്രതികളില്‍ എട്ട് പേരും ജില്ലയിലെ പ്രധാന യൂത്ത് കോണ്‍ഗ്രസ – കെ.എസ്.യു നേതാക്കളാണ്.

ഒരു ഘട്ടത്തിലും പ്രതികളെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. ധീരജിന്റെ കൊലപാതകികളെ എന്റെ കുട്ടികളെന്ന് ആവര്‍ത്തിച്ച് വിളിച്ച് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രതികള്‍ക്ക് സ്വീകരണമൊരുക്കാനും സഹായം നല്‍കാനും ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ചു. ഒടുവില്‍ നിഖില്‍ പൈലി രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ ഒപ്പം കൂടിയതും കേരളം കണ്ടു. വിപുലമായ പരിപാടികളോടെ ധീരജിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണം ആചരിക്കാനാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വം തയാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്.

കവിതയും കഥയും മുദ്രാവാക്യങ്ങളുമായി ഒരു കലാലയത്തിന്റെയാകെ പ്രിയങ്കരനായിരുന്ന ധീരജിന്റെ സ്മരണ പുതുക്കാന്‍ അവന്റെ സഹപാഠികള്‍ക്കൊപ്പം ജില്ലയിലെ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമെത്തും. ധീരജിന്റെ കുടുംബത്തിന് സഹായമൊരുക്കാന്‍ സി.പി.ഐ.എം ഇടുക്കി ജില്ലാക്കമ്മിറ്റി സമാഹരിച്ച 60-ലക്ഷം രൂപ മുഖ്യമന്ത്രി നേരിട്ടെത്തി മാതാപിതാക്കള്‍ക്ക് കൈമാറിയിരുന്നു. ധീരജിന്റെ സ്മരണക്കായി ചെറുതോണിയില്‍ പണികഴിപ്പിക്കുന്ന സ്മാരകമന്ദിരത്തിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും.

Leave a Reply

Your email address will not be published.