ശാസ്താംകോട്ടയില്‍ പോലിസുകാരനും കുടുംബത്തിനും തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട കോയിപ്രം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലില്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് കുടുംബം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായല്‍ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിന്റെ കരയില്‍ നില്‍ക്കുമ്പോള്‍ ആദ്യം ഇന്‍സ്‌പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലില്‍ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകന്‍ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇന്‍സ്‌പെക്ടര്‍ സജീഷ്‌കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. രാഖിയുടേയും ആര്യന്റേയും കാലില്‍ ആഴത്തിലുള്ള മുറിവാണുള്ളത്. ശാസ്താംകോട്ട കായല്‍ കാണാന്‍ നിരവധി പേരാണ് ദിവസവുമെത്തുന്നത്. ഇതിനു മുന്‍പും ഇവിടെ വച്ച് പലര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.