അമേരിക്കയില്‍ അതിശൈത്യം; മരണം 60 കടന്നു

Spread the love

കൊടും ശൈത്യത്തിന്റെ പിടിയിലായ യുഎസ് തണുത്ത് വിറയ്ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ ന്യൂയോര്‍ക്കില്‍ ഹിമപാതത്തില്‍ 27 പേര്‍ മരിച്ചു. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കൊടും തണുപ്പിലും ശീതക്കാറ്റിലും അമേരിക്കന്‍ ജനത ദുരിതത്തിലാണ്. ടെക്‌സസ് സംസ്ഥാനം മുതല്‍ കാനഡയിലെ ക്യുബക്ക് വരെയുള്ള 3,200 കിലോമീറ്റര്‍ മേഖലകളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.

പലയിടത്തും താപനില പൂജ്യത്തിനു താഴെയാണ്. ഏതാണ്ട് 20 കോടി ജനങ്ങളെ ശീതക്കാറ്റ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊണ്ടാന സംസ്ഥാനത്തെ എല്‍പാര്‍ക്കിലെ താപനില മൈനസ് 45 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. മിഷിഗണിലെ ഹെല്‍ പട്ടണത്തില്‍ മൈനസ് 17 ഡിഗ്രി രേഖപ്പെടുത്തി. 15ലക്ഷത്തിലധികം ആളുകള്‍ക്ക് വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ദിവസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആര്‍ട്ടിക്ക് പ്രദേശത്ത് നിന്ന് മധ്യ അമേരിക്കയിലേക്ക് ഉറഞ്ഞു കൂടിയ മഞ്ഞാണ് അതിശൈത്യത്തിന്റെ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

Leave a Reply

Your email address will not be published.