അച്ഛന് കരൾ പകുത്തുനൽകാൻ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി

Spread the love

കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു കുടുംബങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ദേവനന്ദ 18 വയസു തികയാത്ത മൈനര്‍ ആയ കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടയമുണ്ടായിരുന്നു. തുടര്‍ന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേലാണ് അനുകൂല വിധിയുണ്ടായത്.

ഈ ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമായ നിശ്ചയദാര്‍ഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വളരെ വേഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

ഗുരുതര കരള്‍ രോഗം കാരണം പ്രതീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടര്‍മാരുടെ സംഘം വിധിച്ചിരുന്നു. തുടര്‍ന്നാണ് ദേവനന്ദ കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കെ-സോട്ടോ അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ എന്ന കുട്ടി മൈനര്‍ ആയതിനാല്‍ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. അതേസമയം പ്രതീഷിന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് പ്രതിവിധിയെന്ന് വിദഗ്ധ സമിതിയും കണ്ടെത്തി. പൂര്‍ണ അറിവോടും സമ്മതത്തോടെയുള്ള ദേവാനന്ദയുടെ സന്നദ്ധതയെ 18 വയസു തികയാന്‍ കേവലമായ 5 മാസം വേണമെന്ന കാരണത്താല്‍ നിഷേധിക്കണമെന്നില്ലെന്നു റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published.