ലുസൈലിന്റെ പച്ചപ്പുൽ മൈതാനത്ത് അർജന്റീനയുടെ പടയോട്ടം. സെമിഫൈനൽ പോരാട്ടത്തിൽ ക്രോയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു അർജന്റീനയുടെ ഫൈനൽ പ്രവേശനം.
നാലു വർഷം മുൻപ് റഷ്യയിൽ ബാക്കിവച്ച കടം തീർക്കുകയായിരുന്നു അർജന്റീന. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീനയെ തകർത്തുവിട്ട ക്രോയേഷ്യയ്ക്ക് അതേ കണക്കുവച്ച് അർജന്റീനയുടെ പ്രതികാരം. മെസ്സി ഗോളടിച്ചും അടിപ്പിച്ചും കളംവാണ മത്സരത്തിൽ ആധികാരികമായായിരുന്നു അർജന്റീനയുടെ വിജയം.
34 ാം മിനുട്ടിലാണ് കളിയിലെ ആദ്യ ഗോൾ പിറന്നത്. ഹൂലിയൻ ആൽവാരസിനെതിരെ ക്രോയേഷ്യൻ ഗോളി ലിവക്കോവിച്ചിന്റെ ഫൗള്‍. പെനാൽട്ടിയെടുത്ത മെസ്സിയ്ക്ക് പിഴച്ചില്ല. മെസ്സിയുടെ ഈ ലോകകപ്പിലെ അഞ്ചാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ടിലേക്കുള്ള മത്സരത്തിൽ ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേയും മെസ്സിയും ഒപ്പത്തിനൊപ്പമെത്തി.
ആദ്യ ഗോളിന്റെ ഞെട്ടൽ മാറും മുൻപ് ആൽവാരസ് വീണ്ടും നിറഴൊയിച്ചു. മൈതാനത്തിന്റെ മധ്യത്തിൽ നിന്നും സോളോ റണ്ണിലൂടെ ക്രോയേഷ്യൻ ഗോള്‍ മുഖത്തെത്തിയ ആൽവാരസിന്റെ ഗോളിൽ ലുസൈൽ ഇളകി മറിഞ്ഞു. രണ്ടാം പകുതിയിൽ ഓട്ട്സിച്ചിനെയും പെട്കോവിച്ചെനെയുമിറക്കി മൂർച്ച കൂട്ടിയ ക്രോയേഷ്യയ്ക്ക് ഗോൾ മാത്രമകന്നുനിന്നു. വലതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ മെസ്സി ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധനിര താരം ഗാർഡിയോളിനെ നിഷ്പ്രഭമാക്കി നൽകിയ അസ്സിസ്റ്റിൽ ആൽവാരസിന്റെ രണ്ടാം ഗോൾ.