Gujarath: ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Spread the love

ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഘട്ലോദ്യ മണ്ഡലത്തില്‍ അടക്കം ആദ്യ ഘട്ടത്തില്‍ ജനങ്ങള്‍ വിധിയെഴുതും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് മൂന്നു റാലികളില്‍ പങ്കെടുക്കും. സോംനാഥ്, ഭാവ് നഗര്‍, ഭവ്സാരി എന്നിവിടങ്ങളിലാണ് മോദി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുക. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വമ്പന്‍ പ്രചാരണ പരിപാടികളാണ് ബിജെപി നടത്തിയത്.

അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും ബിജെപിയ്ക്കായി പ്രചാരണത്തിനെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധി ഒരു ദിവസം ഗുജറാത്തില്‍ പ്രചാരണത്തിന് എത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രണ്ടുദിവസം തെരഞ്ഞെടുപ്പ് റാലികള്‍ നടത്തി.

അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. മുഖ്യമന്ത്രി ഭഗവത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിന് എത്തി.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 1 ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പും ഡിസംബര്‍ 5 ാം തീയതി രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published.