https://youtu.be/CbR5Mw4stak?si=xJ9Yl5wkMsBU4F9g

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്.ഇന്നലത്തെ പ്രവചനം അനുസരിച്ച് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടായിരുന്നു. വടക്കൻ- മധ്യ കേരളത്തിൽ മഴയും കാറ്റും കൂടാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ പൊതുവെ മഴ കുറയും.മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമുണ്ടായി. 9–ാം വളവിനു താഴെ പാറക്കല്ലുകളും നാലാം വളവിൽ മരവും വീണു. മലയോര മേഖലയിൽ ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട് മലയോര മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചു. കനത്ത മഴയിൽ ചാലക്കുടിയിൽ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയിലെ അടിപ്പാതയിൽ വെള്ളം കയറി.
കോഴിക്കോട് കുറ്റ്യാടിയിൽ വീടിനു മുകളിൽ തെങ്ങ് വീണു. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വയനാട്ടിൽ പരക്കെ മഴ ലഭിച്ചു. കാറ്റ് ശക്തമായതിനാൽ മത്സ്യബന്ധനത്തിന് ചില മേഖലകളിൽ വിലക്കുണ്ട്. പൊരിങ്ങൽക്കുത്ത്, കക്കയം, മാട്ടുപെട്ടി, ഷോളയാർ, പീച്ചി, പഴശ്ശി, ആളിയാര്‍ ഡാമുകൾ തുറന്നു.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് സംഭവം. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ ഇവർ റിമാൻഡിലാണ്. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുമെന്ന് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിനുപിന്നാലെ, പരിഹാരനടപടികളുമായി സർക്കാർ. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, സംസ്ഥാന പോലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് എന്നിവടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയമിച്ചു. പോലീസ്, വകുപ്പുതല പരിശോധനകൾക്കു പുറമേയാണിത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്തെ ജയിലുകളിലെ കൊടുംകുറ്റവാളികളെ മറ്റുസംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റുന്നതും പരിഗണിക്കും. സംസ്ഥാനത്ത് മറുനാടൻ തൊഴിലാളികളായി എത്തുന്നവർ കൊടുംക്രിമിനൽക്കേസുകളിൽ ഉൾപ്പെടുന്നത് കൂടുന്നതിന്റെ പശ്ചാത്തലത്തിലാണിത്. പ്രതികൾ ഏതു സംസ്ഥാനത്തുള്ളവരാണോ അവിടത്തെ ജയിലുകളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ഇതിന് അവിടങ്ങളിലെ സർക്കാരുമായും ധാരണയുണ്ടാക്കണം. ജയിൽജീവനക്കാർ തുടർച്ചയായി ഒരേസ്ഥലത്ത് തുടരുന്നത് പല പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ടെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തൽ. ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും.താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിലുള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ തുടങ്ങുന്നത് സർക്കാർ പരിഗണിക്കുന്നു. കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലത്തിനു ശ്രമിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം തീരുമാനിച്ചു.
മൂന്നുമാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതവേലി പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. കണ്ണൂർ സെൻട്രൽ ജയിലിലുണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദപരിശോധന നടത്തി നടപടിയെടുക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി. വിജയൻ, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം.ഏരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം. സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്. നിലവിൽ രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
.
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം. സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്. നിലവിൽ രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.