കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം.മിഥുന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരെ കടുത്ത നടപടിയുമായി സർക്കാർ. സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി. സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്.മിഥുന്‍ കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് മേയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക്‌ലിസ്റ്റ് തയാറാക്കി തുടര്‍നടപടി എടുക്കും. ഉദ്യോഗസ്ഥ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ മാനേജര്‍ തുളസീധരന്‍ പിള്ളയുടെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കിയത്’’. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സേഫ്റ്റി സെല്‍ രൂപീകിരിച്ചതായും പൊതുജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.മിഥുന്റെ കുടുംബത്തിന് വീട് വച്ചു നൽകുന്നതിനു ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറി. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്‌ടിഎ 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറും. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്കു പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.ജൂലൈ 17ന് രാവിലെയാണ് സ്‌കൂളിനു മുന്നിലെ ഷെഡിനു മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ഥി താഴ്ന്നുകിടന്നിരുന്ന വൈദ്യുതിലൈനില്‍ നിന്നാണ് ഷോക്കേറ്റു മരിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എന്‍ജിനീയര്‍ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
2
സെൻട്രൽ ജയിലിൽ തടവു പുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് ജയിൽ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ജയിലിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണ്. ഇത് എത്തിച്ചു നൽകുന്നതിന് ആളുകളുണ്ട്. മൊബൈൽ ഉപയോഗിക്കാനും ജയിലിൽ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകി. കണ്ണൂരിൽ തടവുകാർക്ക് യഥേഷ്ടം ലഹരി വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിൽ ആണ് ഗോവിന്ദച്ചാമിയുടെ മൊഴി.
എല്ലാത്തിനും പണം നൽകണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളാണ് ജയിൽ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും നൽകിയ മൊഴിയും.ജയിലിലാകുന്ന സിപിഎം പ്രവർത്തകർക്ക് വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. സിപിഎം നേതാക്കളായ ജയിൽ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലിൽ വഴിവിട്ട കാര്യങ്ങൾ നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി കണ്ണൂർ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതുവരെ പുറത്തു വന്നിരുന്നു. കൊടി സുനി പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വർണക്കടത്തും നിയന്ത്രിച്ചതും വരെ പുറത്തുവന്നിരുന്നു.നല്ല ഭക്ഷണവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലിൽ പ്രശ്നമുണ്ടാക്കിയിരുന്നു. ചില തടവുകാർക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരിക്കാം ഗോവിന്ദച്ചാമിയും ലഹരി മരുന്ന് വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നത്. ഒടുവിൽ നിഷ്പ്രയാസം ഗോവിന്ദച്ചാമി ജയലിനു പുറത്തുചാടി. ജയിലിലെ അരാജകത്വത്തിന്റെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും തുടർന്ന് പൊലീസിന് നൽകിയ മൊഴിയും.
3
നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ പർദ്ദ ധരിച്ചെത്തി നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. സംഘടനയ്ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് സാന്ദ്ര മത്സരിക്കുന്നതും പർദ്ദ ധരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയതും. നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾക്കെതിരേ സാന്ദ്ര നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നൽകിയിരുന്നു.ആ കേസ് ഇപ്പോഴും തുടരുകയാണ്. ഇതു മുൻനിർത്തിയാണ് പ്രതിഷേധ സൂചകമായി പർദ്ദ ധരിച്ച് എത്തിയത്.
സിനിമാ മേഖലയിൽനിന്ന് തന്നെ മാറ്റിനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. തനിക്ക് സിനിമ നൽകരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിർദേശിച്ചിരിക്കുകയാണ്. സംഘടനായോഗത്തിൽവെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് മുൻപ് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനും നിർമാതാവ് ആൻ്റോ ജോസഫിനും എതിരായ പരാതിയിൽ പറഞ്ഞിരുന്നു.നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.