തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ ജയിൽ മോചിതയാകും. മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി. നിലവിൽ പരോളിൽ കഴിയുന്ന ഷെറിൻ ജയിലിലേക്ക് എത്തിയാൽ ജയിൽ മോചിതയാകും. ജൂലൈ 24-വരെയാണ് ഷെറിന്റെ പരോൾ കാലാവധി. ഇതിനകം ജയിലിലേക്ക് എത്തി ഷെറിന് ജയിൽ മോചിതയാകാം.ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് മോചനത്തിനുള്ള സാധ്യത തുറന്നത്. ഷെറിൻ അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവർണർ അംഗീകരിച്ചത്.നേരത്തേ ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇവർക്ക് അടിക്കടി പരോൾ ലഭിച്ചത് വിവാദത്തിന് വഴിവെച്ചു. ഇതിനിടെ തന്നെ ഷെറിൻ ജയിലിൽ സഹതടവുകാരിയെ മർദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നു. ഇതോടെ രാജ്ഭവൻ വിഷയത്തിൽ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സർക്കാർ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.

Spread the love

പിന്നാലെ ഷെറിൻ അടക്കമുള്ള പ്രതികളുടെ മോചനം സംബന്ധിച്ച ശുപാർശ ഗവർണർ വിശദമായി പരിശോധിച്ചു. തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം, ജയിലിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു.

പതിനാല് വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ അഞ്ഞൂറ് ദിവസത്തോളമാണ് ഷെറിന് പരോൾ ലഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവും കൂടി പരോൾ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നൽകാൻ ജയിൽ ഉപദേശകസമിതി ശുപാർശ ചെയ്തത്.

2009 നവംബർ ഏഴിനാണ് ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു 2001-ൽ ഇവർ വിവാഹിതരായത്. പക്ഷേ ഷെറിന്റെ മറ്റ് ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്.
2010 ജൂൺ 11-നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്ന് ഷെറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇവിടെവെച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്ക് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉയർന്നു.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എൻജിൻ്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് ശേഷം തിരികെ പറക്കാനൊരുങ്ങുകയാണ് വിമാനം. ഇതിനായി ബ്രിട്ടീഷ് നാവിക സേന മേധാവിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ എര്‍ബസ് എ 400 എം വിമാനത്തിലായിരുന്നു സംഘം എത്തിയത്. പ്രത്യേക പരിശീലനം നേടിയ എന്‍ജീനിയര്‍മാര്‍ അടക്കമാണ് സംഘത്തിലുണ്ടായിരുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്.

സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ചർച്ചകൾ തുടരും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. തലാലിന്റെ കുടുബത്തിന്റെ എതിർപ്പ് മറികടന്ന് വടക്കൻ യമൻ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിൻ്റെ സഹോദരൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

കുടുംബവുമായി ദിയാധനം, മാപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ തുടരുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ നന്ദി അറിയിക്കുകയും ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോ​ഗിക ചർച്ചകൾക്ക് തുടക്കമായത്.

യമനിലെ പ്രമുഖ സൂഫി​ പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ യെമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും നിയമസമിതി അം​ഗങ്ങളും കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കെടുത്തു. ഉത്തര യെമനിലെ ​ഗോത്രവിഭാ​ഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈ പശ്ചാത്തലത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു. ഇതാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്ന നീക്കങ്ങളിൽ നിർണ്ണായകമായതെന്നാണ് വിവരം.

ന്യൂഡല്‍ഹി:കീം പ്രവേശന പരീക്ഷയില്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. പരീക്ഷയിലെ മാർക്ക് സമീകരണം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

സി.ബി.എസ്.ഇ സ്കീമിലെ വിദ്യാർഥികൾ നൽകിയ ഹർജിയെ തുടർന്ന് റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകിയേക്കും. അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.തുടര്‍ന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ ഹര്‍ജി കോടതി മാറ്റി. ഇതോടെ ഇക്കൊല്ലത്തെ പ്രവേശന നടപടികള്‍ പുതുക്കിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഉറപ്പായി

Leave a Reply

Your email address will not be published.