മോഷണത്തിന് ആറ് മാസം മുമ്ബ് തന്നെ ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തും, സന്തോഷ് കുറുവ സംഘത്തിലെ അംഗം VM TV NEWS CHANNEL

Spread the love

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസില്‍ അറസ്റ്റിലായ കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ്‌ സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങാൻ അന്വേഷണസംഘം.

സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു, സംഘത്തെ പറ്റി കൂടുതല്‍ അറിയാൻ ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ നെഞ്ചില്‍ ഉണ്ടായിരുന്ന പച്ച കുത്തലാണ് അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടാൻ സഹായമായത്.

കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ എട്ട് കേസുകള്‍ ഉണ്ട്.ഈ കേസുകളെ കുറിച്ചെല്ലാം പോലിസ് അന്വേഷിക്കുന്നുണ്ട്. കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്നും സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.

അതിനിടെ എറണാകുളം പറവൂരിലെ മോഷണ ശ്രമങ്ങള്‍ക്ക് പിന്നിലും കുറുവാ സംഘം തന്നെയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വടക്കന്‍ പറവൂരുലെയും ചേന്ദമംഗലത്തെയും ഏഴ് വീടുകളിലാണ് ഇതുവരെ മോഷണ ശ്രമമുണ്ടായത്. മോഷ്ടാക്കളുടെ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാത്രികാല പെട്രോളിംങിന് പുറമെ ഇന്നു മുതല്‍ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയും നടത്തും.

മോഷണം നടത്തേണ്ട വീടുകളെ കുറിച്ച്‌ കൃത്യമായി പഠിച്ച ശേഷം എത്തുന്നവരാണ് കുറുവ സംഘം. പകല്‍ അനുകൂല സാഹചര്യമുള്ള വീടുകള്‍ കണ്ടുവെച്ച്‌ രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങും. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മോഷണം നടത്തും.

മോഷണത്തിന് ആറ് മാസം മുമ്ബ് തന്നെ ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവര്‍ച്ച നടത്തുക. മദ്യപിച്ചായിരിക്കും കുറുവ സംഘം മോഷണത്തിനെത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന തരത്തില്‍ തോര്‍ത്ത് തലയില്‍ കെട്ടും. ഷര്‍ട്ട് ധരിക്കില്ല. നിക്കറോ, മുണ്ടോ ആയിരിക്കും വേഷം.

ശരീരമാസകലം എണ്ണയും കരിയും തേക്കും. മോഷ്ടിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പെട്ടെന്ന് പിടിവിടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ കുറുവ സംഘത്തെ നരിക്കുറുവയെന്നാണ് വിളിക്കുന്നത്. കമ്ബം, ബോഡിനായ്‌ക്കന്നൂര്‍, കോയമ്ബത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രം. എന്നാല്‍ ഇക്കൂട്ടര്‍ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലത്ത് മലയാളം മാത്രമേ സംസാരിക്കുകയുള്ളു. മോഷണത്തില്‍ നിന്നും ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ നല്‍കിയെങ്കിലും ഇപ്പോഴും ഇവര്‍ ഷെഡുകളിലാണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published.