പച്ചക്കറികളും പഴങ്ങളും എത്ര കഴുകിയാലും വൃത്തിയായോ എന്ന് സംശയമാണല്ലേ. കാരണം അവയിലൊക്കെ കീടനാശിനി ഉണ്ടോ എന്ന ആശങ്കയാണ്.
പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും നന്നായി വെള്ളത്തില്‍ കഴുകിയാല്‍ രാസവസ്തുക്കളില്‍ നിന്ന് മുക്തമാകുമോ? പലരെയും സംശയത്തിലാക്കുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചിരിക്കുകയാണ് സിരീഷ് സുഭാഷ് എന്ന 14 കാരന്‍. ജോര്‍ജിയയിലെ സ്‌നെല്‍വില്ലില്‍ നിന്നുള്ള സിരിഷ് സുഭാഷ് അമേരിക്കയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനെന്ന ബഹുമതിയാണ് നേടിയിരിക്കുന്നത്.
എന്താണ് സിരീഷ് സുഭാഷിന്റെ കണ്ടുപിടുത്തം ?
ഉത്പന്നങ്ങള്‍ കഴുകിയാല്‍ മാത്രം കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ കളയാം എന്നാണ് നമ്മുടെ ധാരണ. ഈ കീടനാശിനികള്‍ ഉള്ളില്‍ ചെന്നാല്‍ മസ്തിഷ്‌ക ക്യാന്‍സര്‍, ലുക്കീമിയ, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ വരെ ഉണ്ടായേക്കാം.
എന്നാല്‍ കഴുകി വൃത്തിയാക്കിയ ശേഷവും അവയിലുള്ള കീടനാശിനികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പെസ്റ്റിസ്‌കാന്‍ഡ് എന്ന ഉപകരണമാണ് സിരീഷ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പെസ്റ്റിസ്‌കാന്‍ഡ് സ്‌പെക്‌ട്രോ ഫോട്ടോമെട്രി എന്നറിയപ്പെടുന്ന ഒരു നോണ്‍ ഇന്‍വേസിവ് ടെക്‌നിക് ആണ് ഇതില്‍ ഉപയോഗിക്കുന്നത്. ചീരയിലും തക്കാളിയിലും എഐ പവര്‍ഡ് ഹാന്‍ഡ് ഹെല്‍ഡ് ഡിറ്റക്ടര്‍ പരീക്ഷിച്ചു. 85 ശതമാനത്തിലധികം വിജയിക്കുകയും ചെയ്തു.
ഇത് ഉപയോഗിക്കുന്നതിന് ഫോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് പഴങ്ങളിലോ പച്ചക്കറികളിലോ പെസ്റ്റിസ് കാന്‍ഡ് പോയിന്റ് സ്‌കാന്‍ ചെയ്ത് ബട്ടണില്‍ അമര്‍ത്തുക. സ്‌കാനറില്‍ കീടനാശിനികള്‍ കണ്ടെത്തിയാല്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ വൃത്തിയാക്കേണ്ടിവരുമെന്ന് അര്‍ഥം.
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഡാറ്റ ഉപയോഗിച്ച് 70.6 ശതമാനം ഉത്പന്നങ്ങളില്‍ എങ്ങനെയാണ് കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയിട്ടുള്ളത് എന്നാണ് ഇതിലൂടെ സുഭാഷ് തെളിയിച്ചത്. ഈ കണ്ടുപിടുത്തത്തിന് ഈ വര്‍ഷത്തെ യംഗ് സയന്റിസ്റ്റ് ചലഞ്ചില്‍ 21,11375.92 രൂപയാണ് സുഭാഷിന് സമ്മാനമായി ലഭിച്ചത്. നൂറ് കണക്കിന് വരുന്ന കീടനാശിനികളെ ഈ ഉപകരണം വഴി കണ്ടെത്താന്‍ സാധിക്കുമത്രേ.