
വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കുമെന്ന് സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ.
പാലക്കാട്ടുകാരെപ്പോലെ ഇത്രയും ഗതികെട്ട ഒരു ജനത ഒരു ഉപതിരഞ്ഞെടുപ്പിനേയും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ചോദ്യം ശരിയല്ല എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍ മാരാർ.
സാധാരണ ഉപതിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ ഇത്രയും വലിയ ബഹളം ഉണ്ടാകാറില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനാർത്ഥികള്‍ക്കും ആ പാർട്ടിയിലുള്ളവർക്ക് തന്നെ വോട്ട് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. അതായത് ഇയാള്‍ നല്ലയാളാണോ എന്നൊരു ചിന്ത. അത്തരത്തിലുള്ള വല്ലാത്തൊരു പ്രശ്നം അവിടെ സംഭവച്ചിട്ടുണ്ട്. ബി ജെ പിയിലും കോണ്‍ഗ്രസിലും സി പി എമ്മിലുമൊക്കെ പ്രശ്നങ്ങളാണ്. ഇന്നലെ വരെ പിണറായി വിജയനെ തെറിപറഞ്ഞുകൊണ്ട് നടന്ന ഒരാള്‍ക്ക് വോട്ട് ചെയ്യേണ്ടി വരുന്ന ഗതികേടാണ് ഇടതുപക്ഷ പ്രവർത്തകർക്കുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തിലിനേയല്ല ഞങ്ങള്‍ സ്ഥാനാർത്ഥിയായി പ്രതീക്ഷിച്ചതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ പറയുന്നു. ബി ജെ പിയിലേക്ക് വരികയാണെങ്കില്‍ സന്ദീപ് വാര്യർ ഉള്‍പ്പെടെ തുറന്നിട്ട പ്രശ്നങ്ങള്‍. ഇതിനിടക്കാണ് കുഴല്‍പ്പണം എന്ന് തുടങ്ങിയ മറ്റ് നിരവധി കാര്യങ്ങള്‍. ഇതൊക്കെ കൊണ്ട് തന്നെ പാലക്കാട്ടെ ജനത മൊത്തത്തില്‍ കണ്‍ഫ്യൂസ്ഡ് ആണെന്നും അദ്ദേഹം പറയുന്നു.
വ്യക്തികളെ പരിഹസിച്ചുകൊണ്ട് പറയുകയല്ല, ഞാന്‍ ഒരു ഉപമയായി പറയുകയാണ്. മൂന്ന് കഴുതകള്‍ മത്സരിച്ചാല്‍ അതില്‍ ഏറ്റവും മികച്ച കഴുതയെ തിരഞ്ഞെടുക്കേണ്ട ഗതികേട് ജനാധിപത്യത്തിനുണ്ട്. രണ്ട് കഴുതയും ഒരു കുതിരയുമാണെങ്കില്‍ നമുക്ക് വളരെ എളുപ്പത്തില്‍ കുതിരയെ ജയിപ്പിക്കാം. പക്ഷെ ഇവിടെ അത് പറ്റുന്നില്ല. മൂന്നെണ്ണത്തില്‍ നിന്നും മികച്ച കഴുതയെ തിരഞ്ഞെടുക്കേണ്ട അവസ്ഥയാണ്.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കാന്‍ സാധ്യത കൂടുതലാണ്. എപ്പോഴും ഒരു പാർട്ടിയെ നശിപ്പിക്കുന്ന ആ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ്. പാളയത്തില്‍ പട കാരണം പല തിരഞ്ഞെടുപ്പുകളിലും പരാജയം നേരിടേണ്ടി വരുന്നു. നമുക്ക് അറിഞ്ഞുകൂടാത്ത നിരവധി പ്രശ്നങ്ങള്‍ പലപ്പോഴായി കോണ്‍ഗ്രസില്‍ സംഭവിക്കാറുണ്ട്. ഇതൊക്കെ മാറി ഒറ്റക്കെട്ടായി നിന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
പാർട്ടിക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്നത് കൊണ്ടും, പിണറായി വിജയനെ കടന്നാക്രമിക്കുന്നതു കൊണ്ടും രാഹുലിനെപ്പോലെ ഒരാള്‍ നിയമസഭയിലുണ്ടെങ്കില്‍ നല്ലതാണ്. സർക്കാറിനെതിരെ വലിയ കടന്നാക്രമണം നടത്താന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. താളമടിക്ക് അപ്പുറത്തേക്ക് ജനങ്ങളുമായി ആത്മബന്ധമില്ലാതെ താനെന്തോ വലിയ സംഭവമാണെന്ന ധാരണയില്‍ പ്രതിപക്ഷ നേതാവ് പോയിക്കൊണ്ടിരിക്കുമ്ബോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും തരത്തില്‍ പ്രവർത്തിക്കുന്ന ഒരാള്‍ വരുന്നത് നല്ലതാണ്.
ഷാഫി പറമ്ബില്‍ പ്രതിപക്ഷ നേതാവ് ആകണമെന്ന് പണ്ട് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷത്തേക്ക് പോയ മുസ്ലിം വോട്ടുകള്‍ തിരിച്ചുകൊണ്ടുവരാന്‍ ശേഷിയുള്ള ഒരു നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടത്. രമേശ് ചെന്നിത്തല മാറിയ സമയത്ത് കോണ്‍ഗ്രസിന് വലിയൊരു മാറ്റത്തിന്റെ തുടക്കം എന്ന നിലയില്‍ ഷാഫി പറമ്ബിലിനെ കൊണ്ടുവരാമായിരുന്നു. അവിടെ കോണ്‍ഗ്രസിന് പറ്റിയ പാളിച്ചയാണ് വിഡി സതീശനെപ്പോലെ ഒരാളെ പ്രതിപക്ഷ നേതാവാക്കിയതെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.