ശബരിമലയില്‍ ദുരിതങ്ങള്‍ കുറയുകയും, സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതുമായ വാർത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് പ്രഖ്യാപിച്ച റോപ് വേ പദ്ധതിയുടെ തറക്കല്ല് ഈ സീസണില്‍ തന്നെ ഇടും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പമ്ബ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് വരെയാണ് റോപ് വേ സജ്ജമാക്കുന്നത്. 2.7 കിലോമീറ്ററോളം ദൂരം വരുന്ന റോപ് വേയ്ക്ക് 250 കോടി രൂപയോളമാണ് ചെലവ്. അവശ്യസാധനങ്ങളും ശബരിമല സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനുമായിട്ടാണ് ഈ റോപ് വേ നിർമ്മിക്കുന്നത്.
ഇതോടെ ട്രാക്ടറില്‍ സന്നിധാനത്തേക്കുള്ള ചരക്കു നീക്കം കാര്യമായി കുറയും. അതോടൊപ്പം തന്നെ അത്യാഹിതത്തില്‍ പെടുന്നവരെയും രോഗികളേയും സന്നിധാനത്തു നിന്ന് അടിയന്തരമായി താഴേക്ക് എത്തിക്കുന്നതിന് റോപ് വേയില്‍ ആംബുലൻസ് കാറുകളും ഉണ്ടാകും. ഇതുവഴി വെറും 10 മിനിറ്റില്‍ പമ്ബയില്‍ എത്താം എന്നതും ശ്രദ്ധേയമാണ്.
അടുത്ത ക്യാബിനറ്റ് യോഗത്തില്‍ ഇതിനായിട്ടുള്ള അനുമതി മന്ത്രിസഭ നല്‍കും, അതിനു മുന്നോടിയായി വനവത്ക്കരണത്തിനുള്ള പരിഹാര ഭൂമി ഈ മാസം 23 -ന് മുമ്ബ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി V.N വാസവൻ, വനം വകുപ്പ് മന്ത്രി A.K ശശീന്ദ്രൻ എന്നിവരും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. P.S പ്രശാന്തും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമായത്.
റോപ് വേ പദ്ധതിയ്ക്കായി 1.5 ഏക്കറോളം വനഭൂമി ആവശ്യമാണ്. ഇതിന് പകരമാണ് വനം വകുപ്പിന് മറ്റൊരിടത്ത് റവന്യൂ വകുപ്പ് ഭൂമി നല്‍കുക. നിലവില്‍ പുറത്തു വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം പകരം ഭൂമിയായി കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കുളത്തൂപ്പുഴ കട്ടിലപ്പാറയിലെ റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറും എന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ ഒമ്ബത് ഹെക്ടർ റവന്യൂ ഭൂമി വനവല്‍ക്കരണത്തിനായി വനംവകുപ്പിന് വിട്ടുനല്‍കും എന്ന് പറയപ്പെടുന്നു.
പരിസ്ഥിതിക്ക് കാര്യമായ കോട്ടം ഒന്നും തന്നെ തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ദേവസ്വം വകുപ്പ് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഇതിനു ആധാരമായി മുമ്ബ് സമർപ്പിച്ച രൂപരേഖയില്‍ നിന്ന് പുതുക്കിയ രൂപരേഖയില്‍ തൂണുകള്‍/ ടവറുകളുടെ എണ്ണം ഏഴില്‍ നിന്ന് അഞ്ചായും പദ്ധതിയ്ക്കായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം 300 -ല്‍ നിന്ന് 80 ആയി കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് P.S പ്രശാന്ത് പറഞ്ഞു.
ഈ മണ്ഡലകാലത്ത് തന്നെ റോപ് വേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട് എന്നും നടപടികള്‍ സമയബന്ധിതമായി പൂർത്തീകരിക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു. നിർദ്ദിഷ്ട റോപ് വേയുടെ ലോവർ ടെർമിനല്‍ പമ്ബ KSEB സബ്സ്റ്റേഷന് സമീപമുള്ള ഹില്‍ടോപ്പിലും അപ്പർ ടെർമിനല്‍ സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപവുമാണ് നിർമിക്കാൻ പദ്ധതിയിട്ടിരിക്കന്നത്.
നീലിമല, സ്വാമി അയ്യപ്പൻ റോഡിലെ ചരല്‍മേട്, മരക്കൂട്ടം ജംഗ്ഷൻ, ചന്ദ്രാനന്ദൻ റോഡിലെ പാറമട, സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപം എന്നിവിടങ്ങളിലാണ് റോപ് വേ പദ്ധതിയുടെ ഭാഗമായിട്ട് നിർമ്മിക്കുന്ന അഞ്ച് ടവറുകള്‍ സ്ഥാനം. ഓരോ ടവറിനും 40 മീറ്റർ മുതല്‍ 60 മീറ്റർ വരെ ഉയരമുണ്ടാവും. ഓരോ വർഷവും 40,000 മുതല്‍ 60,000 ടണ്‍ വരെ സാധനങ്ങളും ചരക്കു നീക്കം റോപ് വേയിലൂടെ സാധ്യമാവും എന്നാണ് വിലയിരുത്തല്‍.
ഈ വർഷം തറക്കല്ലിട്ട് രണ്ട് വർഷത്തിനുള്ളില്‍ റോപ് വേ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2027 ശബരിമല സീസണോടെ റോപ്പ് വേ പ്രവർത്തനക്ഷമമാക്കുക എന്നാണ് ലക്ഷ്യം. 2011 -ല്‍ പ്രഖ്യാപിച്ചതാണ് എങ്കിലും ഭൂമി വിട്ടുനല്‍കുന്ന കാര്യത്തിലെ അനിശ്ചിതത്വമാണ് ഈ പദ്ധതി ഇത്രയധികം നീളാനുള്ള പ്രധാന കാരണം.