പത്തനംതിട്ട: ഫ്ലാറ്റിലെ റൂമില്‍ വാതിലിനും കട്ടിളക്കും ഇടയില്‍ കൈ കുടുങ്ങിയ ഒരു വയസും 3 മാസവും മാത്രം പ്രായമായ കുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്.
പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയില്‍ അഭിജത് സാറാ അല്‍വിന്റെ കൈവിരലുകളാണ് വാതിലിനിടയില്‍ കുടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരല്‍ പുറത്തെടുത്തു.
എസ്ബിഐ കുമ്ബഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂർ സ്വദേശി ആല്‍വിൻ പി കോശിയുടെയും അനീന അന്ന രാജന്റെയു മകളാണ് അബിജത്. കൈ കുടുങ്ങിയപ്പോള്‍ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേല്‍ക്കാതെ വിരല്‍ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തില്‍ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ നൗഷാദ്, എസ് ഫ്രാൻസിസ്, എ രഞ്ജിത്ത്,വി ഷൈജു, എൻആര്‍ തൻസീർ, കെആര്‍ വിഷ്ണു എന്നിവർ രക്ഷാ പ്രവർത്തനത്തില്‍ പങ്കാളികളായി.