ദിലീപ് ചെയ്തിരുന്നെങ്കില്‍ ആ പടം വര്‍ക്ക് ആയേനെ: വന്‍ പ്രതീക്ഷയുമായെത്തിയ മോഹന്‍ലാല്‍ പടം പരാജയപ്പെട്ടത് എങ്ങനെ

Spread the love

മോഹന്‍ലാലിന് തന്റെ സിനിമ കരിയറില്‍ ഏറ്റവും അധികം വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വർഷമായിരുന്നു 2014. ആ വർഷം ഇറങ്ങിയ പെരുച്ചാഴി, കൂതറ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററില്‍ തകർന്നടിഞ്ഞു.

ചിത്രങ്ങളുടെ പേര് മുതല്‍ നിശിതമായ വിമർശനങ്ങള്‍ക്ക് വിധേയമായി. ഇക്കൂട്ടത്തില്‍ ഫ്രെഡേ ഫിലിംസിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി.

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴിയുടെ വലിയൊരു ഭാഗവും ചിത്രീകരിക്കപ്പെട്ടത് അമേരിക്കയിലായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹന്‍ലാല്‍ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകർക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ പടം തിയേറ്ററിലെത്തിയപ്പോള്‍ കടുത്ത മോഹന്‍ലാല്‍ ആരാധകർ പോലും തെറി വിളിക്കുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും പടം തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയില്ലെന്നാണ് ഫ്രൈഡെ ഫിലിംസ് ഉടമ സാന്ദ്രാ തോമസ് വ്യക്തമാക്കുന്നത്.

വിജയ് ബാബു കമ്ബനിയിലേക്ക് വന്നത് ഫ്രൈഡേ ഫിലിംസിന് തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. പെരുച്ചാഴി പോലൊരു പടമൊന്നും ഞാന്‍ ഒരിക്കലും എടുക്കില്ലായിരുന്നു. വിജയ് വന്നതിന് ശേഷമാണ് അത് സംഭവിക്കുന്നത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തിന്റെ പടമുണ്ടെങ്കില്‍ ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡിന് ഒരുപാട് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായിരുന്നു.

പടം വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളതല്ല, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡ് സീല്‍ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയായിരുന്നു. പടം വലിയ പരാജയമായിരുന്നെങ്കിലും നഷ്ടമുണ്ടാക്കിയിട്ടില്ല. എന്തുകൊണ്ട് ആ പടം പരാജയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ലാലേട്ടനെക്കുറിച്ച്‌ നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ നമുക്ക് അത് വിശ്വസനീയമായിരിക്കും. അവർ ചെയ്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളില്‍ അത്തരമൊരു ധാരണ ഉണ്ടാക്കുന്നത്. ലാലേട്ടന്‍ എന്ന് പറയുമ്ബോള്‍ അല്‍പം സീരിയസായ കഥാപാത്രം എന്ന ചിന്തയാണ് വരിക. ദിലീപേട്ടനാണെങ്കില്‍ സി ഐ ഡി മൂസയൊക്കെ ചെയ്തയാളാണ്. അദ്ദേഹമാണ് ആ വേഷം ചെയ്തതെങ്കിലും ഒരു പക്ഷെ പെരുച്ചാഴി വർക്ക് ആയേനെ.

സംവിധായകന്‍ തമിഴ്നാട്ടുകാരനാണ്. അതുകൊണ്ട് തന്നെ മലയാളി ഓഡിയന്‍സിനെ എല്ലാ തരത്തിലും മനസ്സിലായിക്കൊള്ളണമെന്നില്ല. ആ ചിത്രത്തില്‍ മൊത്തത്തിലൊരു തമിഴ് സ്റ്റൈലുണ്ട്. അതും പരാജയത്തിന്റെ ഒരു റീസണാണ്. പിന്നെ നമുക്ക് രസകരമായി തോന്നിയ കാര്യങ്ങള്‍ ആളുകള്‍ക്ക് അത്ര രസകരമായി തോന്നിയില്ല. ലാലേട്ടന്റെ പഴയ ചില ഡയലോഗുകള്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഷൂട്ടിങ് സമയത്ത് നമ്മള്‍ അതൊക്കെ കാണുമ്ബോള്‍ വലിയ രോമാഞ്ചമായിരുന്നുവെന്നും സാന്ദ്രാ തോമസ് പറയുന്നു.

‘എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ’ എന്നായിരുന്നു വിജയ് ബാബുവുമായുണ്ടായ വേർപിരിയലിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സാന്ദ്രയുടെ മറുപടി. ആ സമയത്ത് അതങ്ങ് നടന്നു. ഒരോരുത്തരുടേയും ജീവിതത്തില്‍ ഒരു ടേണ്‍ എടുക്കേണ്ട സമയം ഉണ്ടല്ലോ? അങ്ങനെ ആ ഒരു ടേണ്‍ എടുത്തു. എന്നാല്‍ അത് ഇത്ര വലിയ ബഹളമാകുമെന്ന് വിചാരിച്ചില്ല. അടിപിടിയായി പിരിയുന്നതിനോട് ഞങ്ങള്‍ രണ്ട് പേർക്കും താല്‍പര്യമില്ലായിരുന്നു. എല്ലാം അങ്ങനെ സംഭവിച്ചുപോയി.

സാധാരണ ബിസിനസ് പാട്ണർമാർ തമ്മില്‍ തർക്കമുണ്ടാവുക കാശിന്റെ കാര്യത്തിലൊക്കെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഇടയില്‍ അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നു. ഞങ്ങളുടേത് കുറച്ച്‌ വിശാലമായ കാഴ്ചപ്പാടായിരുന്നു. അതായത് കൂടുതല്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്ത് ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുക എന്നതായിരുന്നു. പിന്നെ ഒരോ കാര്യങ്ങളും നല്ലതിനായിരുന്നു എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. ആളുകള്‍ പുറത്ത് നിന്ന് നോക്കുമ്ബോള്‍ നഷ്ടം സംഭവിച്ചെന്ന് തോന്നാം. എന്നാല്‍ നമ്മള്‍ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ലാഭങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകാമെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published.