വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക ചുമതല ഏല്‍ക്കാന്‍ ഇനിയും രണ്ടര മാസമെടുക്കുമെന്നിരിക്കെ, വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു യുഎസിലെ ആദ്യ വനിതാ പ്രസിഡന്റ് ആവാൻ ഇനിയും അവസരമുണ്ട്.
അവരുടെ മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്റ്റർ ജമാല്‍ സിമ്മണ്‍സ് അതിനു വയ്ക്കുന്ന നിർദേശം പ്രസിഡന്റ് ജോ ബൈഡൻ കാലാവധി പൂർത്തിയാക്കാൻ നില്‍ക്കാതെ രാജി വയ്ക്കണം എന്നാണ്.അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി കമലയെ അവരോധിച്ചുകൊണ്ട് ബൈഡന് ചരിത്രം സൃഷ്ടിക്കാനാകുമെന്നും സിമ്മണ്‍സ് പറഞ്ഞു.
‘ബൈഡന്‍ ഇതിനകം തന്നെ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് ലോകത്തിന് മഹത്തരമായ സന്ദേശം നല്‍കാനാകും. ബൈഡന്‍ ഒരു അസാധാരണ പ്രസിഡന്റായിരുന്നു. ഭരണപരമായി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിയുന്ന ഒരു വാഗ്ദാനമുണ്ട്. അതാണ് ഈ നീക്കത്തിലൂടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്’- സിമ്മണ്‍സ് പറഞ്ഞു. സി.എന്‍.എന്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു സിമ്മണ്‍സ് തന്റെ അഭിപ്രായം പറഞ്ഞത്.
സാമൂഹികമാധ്യമങ്ങളില്‍ സിമ്മണ്‍സിനെ പിന്തുണച്ചും എതിര്‍ത്തും ഒട്ടേറെയാളുകള്‍ രംഗത്ത് വരികയാണ്. ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക ചുമതല ഏല്‍ക്കാന്‍ ഇനിയും രണ്ടര മാസമെടുക്കും. ഈ കാലയളവില്‍ ഡൊമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്താല്‍ അത് വിപ്ലവകരമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ ഈ സാഹചര്യത്തില്‍ അങ്ങനെ ചെയ്താല്‍ അത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് സിമ്മണ്‍സിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. കമല ഇപ്പോള്‍ പ്രസിഡന്റ് ആകുന്നതില്‍ തെറ്റില്ല, പക്ഷേ അമേരിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡന്റിനെ നല്‍കുന്നതിനാണ് ഈ വഴി സ്വീകരിക്കുന്നതെങ്കില്‍ അത് അപമാനകരമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
2025 ജനുവരി 20 ന് ഡൊണാണ്‍ഡ് ട്രംപ് ഔദ്യോഗികമായി അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കും. അരിസോണയിലെ ഫലം കൂടി പുറത്ത് വന്നതോടെ 312 ഇലക്ടറല്‍ വോട്ടുകള്‍ നേടി ട്രംപ് കൃത്യമായ മുന്‍തൂക്കം നേടി കഴിഞ്ഞു. 127 വര്‍ഷത്തിന് ശേഷമാണ്, ഒരിക്കല്‍ തോല്‍വിയറിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍ വീണ്ടും തിരിച്ചെത്തുന്നത്. 1893ല്‍ ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2016 ല്‍ പോപ്പുലര്‍ വോട്ടിന് പിന്നിലായിരുന്ന ട്രംപ് രണ്ടാം വരവില്‍ പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും മുന്നിലായെന്ന് മാത്രമല്ല സെനറ്റും നേടി ആധികാരികമായ വിജയം ഉറപ്പാക്കിയാണ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്.
“ഡെമോക്രറ്റ്സ് ഒരു കാര്യം മനസിലാക്കണം,” സിമ്മണ്‍സ് പറഞ്ഞു. “മെച്ചപ്പെട്ട നയങ്ങള്‍ നിങ്ങളുടേതാണ്. പക്ഷെ അതൊക്കെ മാറ്റണം. ഇത് ടെന്നിസല്ല, ആയോധനമാണ്. അമേരിക്കൻ ജനത നാടകീയതയോടും ആവേശത്തോടും പ്രതികരിക്കുന്നു. അത്തരം ആയുധങ്ങള്‍ ഉപയോഗിച്ച് പാർട്ടി മെച്ചപ്പെട്ട മുന്നേറ്റ വഴി കണ്ടെത്തണം.”