നെല്ലൂർ : മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് 100 കിലോഗ്രാം ഭാരമുള്ള വലിയ പ്രൊജക്‌ടൈല്‍ .
നെല്ലൂർ നസാമ്ബട്ടണത്തിന് സമീപമാണ് മത്സ്യബന്ധന വലയില്‍ പ്രൊജക്‌ടൈല്‍ കുടുങ്ങിയത്. ചെന്നൈയിലെ കാശിമേട് സ്വദേശി ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ ആദ്യം കരുതിയത് തങ്ങളുടെ വലയില്‍ വലിയ മത്സ്യം കുടുങ്ങി എന്നായിരുന്നു. തൊഴിലാളികള്‍ എല്ലാവരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇത് കരയിലെത്തിച്ചത്.
തുടർന്ന് പോലീസിലും, ഫിഷറീസ് വക്കുപ്പിലും വിവരമറിയിച്ചു. പ്രൊജക്‌ടൈല്‍ മൂന്ന് നാല് മാസമായി കടലില്‍ കിടക്കുകയായിരുന്നുവെന്നാണ് സൂചന . പ്രൊജക്‌ടൈലില്‍ നിരവധി അടയാളങ്ങളും സീരിയല്‍ നമ്ബറുകളും ഉണ്ടായിരുന്നു. ഇത് ഒരു സ്വകാര്യ പ്രതിരോധ എയ്‌റോസ്‌പേസ് കമ്ബനിയുടേതായിരിക്കാമെന്ന സംശയവും ഉയർത്തുന്നുണ്ട്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥർ പ്രൊജക്റ്റിലിന്റെ സൂക്ഷ്മ പരിശോധന നടത്തി. വിശദമായ പരിശോധനയില്‍ ഒബ്‌ജക്‌റ്റിന് മാർഗനിർദേശ സംവിധാനം, ട്രിഗറിംഗ് മെക്കാനിസം, പ്രോക്‌സിമിറ്റി ഫ്യൂസ്, ദ്രാവക ഇന്ധനം എന്നിവ ഇല്ലെന്ന് കണ്ടെത്തി. പരീക്ഷണത്തിനിടെ ഇത് അബദ്ധത്തില്‍ കടലില്‍ വീണതാകാമെന്നാണ് നിഗമനം .കൂടുതല്‍ അന്വേഷണത്തിനായി പ്രൊജക്‌ടൈല്‍ ഫിഷിംഗ് ഹാർബർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.