കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്.
രാവിലെ 9.30ന് മൂന്നാര്‍ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കല്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വരവേല്‍ക്കും.
ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയരുക. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യും. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്ബനാട്, മലമ്ബുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്ബനിയും സ്‌പൈസ് ജെറ്റും ചേര്‍ന്നാണ് ഡി ഹാവില്ലന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്.പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലന്‍ഡ് കാനഡയുടെ സീപ്ലെയിന്‍ ഞായര്‍ പകല്‍ 3.30നാണ് കൊച്ചി കായലിലെ വാട്ടര്‍ഡ്രോമില്‍ പറന്നിറങ്ങിയത്. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നല്‍കുന്നത് സിയാലാണ്.
യാത്രാദൂരവും സമയവും കുറയുന്നത് സീപ്ലെയിനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും. സംരംഭങ്ങളും തൊഴിലവസരങ്ങളും ഇതോടൊപ്പം വര്‍ധിക്കുമെന്നതും പ്രത്യേകതയാണ്. വ്യത്യസ്ത കേന്ദ്രങ്ങളെ ചേര്‍ത്തുള്ള പുതിയ ടൂറിസം പാക്കേജുകളും നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിലുള്ള പദ്ധതിയില്‍ താങ്ങാവുന്ന തരത്തിലാകും യാത്രാനിരക്കുകള്‍. സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാക്കേജടക്കം വലിയ സാധ്യത തുറക്കുമെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.
ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഡ്രോണും അനുവദിക്കില്ല
ബോള്‍ഗാട്ടിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തുന്ന സീപ്ലെയിനിന്റെ ഫ്‌ലാഗ് ഓഫ് നടക്കുന്നതിനാല്‍ ഇന്ന് രാവിലെ ഒമ്ബതുമുതല്‍ പകല്‍ 11 വരെ ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ടാകും. ടൂറിസ്റ്റ് ബോട്ട്, മീന്‍പിടിത്ത ബോട്ട്, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്‌ഐഎന്‍സി ബോട്ട്, ജലമെട്രോ, മറ്റ് സ്വകാര്യ ബോട്ടുകള്‍ തുടങ്ങിയവയ്ക്കെല്ലാം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.
മറൈന്‍ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലംമുതല്‍ ബോള്‍ഗാട്ടി മേഖലവരെയും വല്ലാര്‍പാടംമുതല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്തുവരെയുമുള്ള മേഖലകളിലാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ ഒരു ബോട്ടും സര്‍വീസ് നടത്താന്‍ പാടില്ല. തീരദേശ സുരക്ഷാസേനയുടെ കര്‍ശന നിയന്ത്രണത്തിലായിരിക്കും ഇവിടം. തീരദേശ പൊലീസിന്റെയും കര്‍ശന സുരക്ഷയുണ്ടാകും. പൊലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും.
ഡ്രോണ്‍ പറത്തുന്നതും അനുവദിക്കില്ല. നിലവില്‍ ഡ്രോണ്‍ നിരോധിതമേഖലയാണിത്. ഡ്രോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. മറൈന്‍ഡ്രൈവില്‍ എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.