സിനിമാപരാജയങ്ങള്‍, ചലനശേഷിയില്ലാത്ത 2 വര്‍ഷം, 3300കോടി വരുമാനമുള്ള ബിസിനസ്സുകാരനായി അരവിന്ദ് സ്വാമി VM TV NEWS LIVE

Spread the love

രുപത്തൊന്നാം വയസ്സില്‍ ആദ്യ ചിത്രം തന്നെ മണിരത്നത്തോടൊപ്പം. തുടരെത്തുടരെ വീണ്ടും രണ്ട് മണിരത്നം സിനിമയിലെ നായകപദവി.

സ്വപ്നതുല്യമായിരുന്നു അരവിന്ദ് സ്വാമിയുടെ സിനിമാ അരങ്ങേറ്റം. ‘ദളപതിയി’ലൂടെ അരങ്ങേറിയ അരവിന്ദ് വളരെ പെട്ടെന്ന് തന്നെ താരമായി. പുരുഷസൗന്ദര്യത്തിന്റെ ഉദാത്ത മാതൃകയായി വാഴ്ത്തപ്പെട്ടു. അദ്ദേഹം ഭാഗമായ സിനിമകളെല്ലാം വമ്ബൻ ഹിറ്റുകളായി.ഭാഗ്യം പൊടുന്നെനെയാണ് ദിശ മാറിയത്. തൊണ്ണൂറുകളുടെ ആദ്യ പകുതി വിജയകരമായി പൂർത്തിയാക്കിയ അരവിന്ദിന് രണ്ടാം പാതിയില്‍ കാലിടറി. രണ്ടായിരത്തിന്റെ തുടക്കത്തിലും അരവിന്ദിന്റെ സിനിമകള്‍ പരാജയമറിഞ്ഞു.

‘അലൈപായുതേ’യിലെ അതിഥിവേഷം കഴിഞ്ഞതോടെ അരവിന്ദ് സിനിമയില്‍ നിന്നും ചുവടുമാറാൻ തീരുമാനിച്ചു. സമ്ബന്ന കുടുംബത്തില്‍ ജനിച്ചുവളർന്ന അരവിന്ദിന്റെ ജീവിതം സിനിമയില്‍ ഒതുങ്ങുന്നതായിരുന്നില്ല. സിനിമകള്‍ നിരാശപ്പെടുത്തിയപ്പോള്‍ അരവിന്ദ് കുടുംബബിസിനസിലേക്ക് തിരിഞ്ഞു. വി.ഡി. സ്വാമി ആൻഡ് കമ്ബനി എന്ന അച്ഛന്റെ സംരംഭത്തിന്റെ അമരക്കാരനായി. ഇന്റർനാഷണല്‍ ബിസിനസ്സില്‍ അമേരിക്കയില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞെത്തിയ അരവിന്ദിന് ബിസിനസ്സില്‍ കഴിവ് തെളിയിക്കാൻ അധികം സമയം വേണ്ടിവന്നില്ല. അതേസമയം ഇന്റെർപ്രോ ഗ്ലോബലിന്റെ പ്രെസിഡന്റായും പ്രോറിലീസ് ഇന്ത്യയുടെ ചെയർമാനായും അരവിന്ദ് തിളങ്ങി. സിനിമയില്‍ നിന്നും പൂർണമായ വിടവാങ്ങല്‍. Caption

2005-ല്‍ അരവിന്ദ് സ്വന്തം കമ്ബനി ആരംഭിച്ചു- ടാലന്റ് മാക്സിമസ്. അതേ വർഷമാണ് അതിഭീകരമായ ഒരപകടം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അത്ഭുതകരമായ രക്ഷപ്പെടല്‍. പക്ഷേ, നട്ടെലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബോധം വന്നപ്പോള്‍ അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. രണ്ടുവർഷം കിടപ്പിലായി. പണം കൊണ്ട് സാധിക്കാവുന്ന സകല ചികിത്സകളും തുടർന്നുപോയി. പതുക്കെ കാലുകള്‍ക്ക് ജീവൻ വെച്ചു. എങ്കിലും അത്യധികമായിരുന്നു വേദന. ഏതാനും ചുവടുകള്‍ നടന്നാല്‍ കൊത്തിവലിക്കുന്ന വേദന ശരീരമാകെ പടർന്നു.

കടന്നുപോയ ദുഖങ്ങളെപ്പറ്റി അദ്ദേഹം പില്‍ക്കാലത്തു പറഞ്ഞു – ”കിടക്കയില്‍ നിന്ന് ബാത്ത്റൂം വരെയുള്ള നടത്തംപോലും അസഹനീയമായ വേദനയാണ്. അതിനിടെ മൂന്നോ നാലോ തവണ ഇരിക്കേണ്ടി വരും. കിടക്കയില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കുന്നത് പോലെയുള്ള പല കാര്യങ്ങളും വളരെ നിസ്സാരമായിട്ടാണ് നമ്മള്‍ കാണുന്നത്. കൈകാലുകളുടെ പൂർണ്ണ നിയന്ത്രണം നഷ്ടമാകുന്നതോടെ എല്ലാത്തിനെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാട് മാറും.” കടപ്പാട്- PTI

സ്വന്തം ശരീരത്തോടും മനസ്സിനോടും അരവിന്ദിന് പൊരുതേണ്ടിവന്നു. ഏകദേശം അഞ്ചു വർഷം കഴിഞ്ഞാണ് അരവിന്ദിന്റെ ആരോഗ്യനില പൂർവസ്ഥിതിയിലായത്. അപ്പോഴേക്കും അമിതഭാരവും മുടികൊഴിച്ചിലും അദ്ദേഹത്തെ തിരിച്ചറിയാനാകാത്ത വിധം മാറ്റിയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ അരവിന്ദിനെ തേടി വീണ്ടും സിനിമയെത്തി. ഇത്തവണയും മണിരത്നത്തിന്റെ രൂപത്തില്‍. ‘കടല്‍ ‘എന്ന സിനിമയില്‍ ഒരു റോള്‍. പതിനഞ്ചു കിലോയോളം അദ്ദേഹത്തിന് കുറക്കേണ്ടിവന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി തിരിച്ചെത്തുന്നു എന്ന വാർത്ത വന്നു. അടുത്ത സിനിമ വൈകാതെയെത്തി ‘തനി ഒരുവൻ’ അതില്‍ വില്ലനായി അരവിന്ദ് ആരാധകരെ ഞെട്ടിച്ചു, അത്യുഗ്രൻ പ്രകടനത്തിന് പ്രശംസയും പുരസ്കാരങ്ങളും പിന്നാലെയെത്തി.

അഭിനയലോകത്ത് അദ്ദേഹമിപ്പോള്‍ സജീവമാണ്. അരവിന്ദ് അഭിനയിക്കുന്ന ഒട്ടേറെ സിനിമകളും സീരീസുകളും വരാനിരിക്കുന്നു. പക്ഷേ, രണ്ടാം വരവില്‍ സിനിമയ്ക്കൊപ്പം ബിസിനസ്സ് കൂടി മുന്നോട്ടുകൊണ്ടുപോകുകയാണ് അരവിന്ദ്. അത്ഭുതത്തോടെ ബിസിനസ്സ് ലോകം അദ്ദേഹത്തിന്റെ നേതൃത്വഗുണം നോക്കിക്കാണുന്നു. 2022-ല്‍ 3300 കോടിയായിരുന്നു അരവിന്ദിന്റെ കമ്ബനിയുടെ വാർഷികവരുമാനം. സിനിമയിലും ജീവിതത്തിലും ഹീറോ ആകുക അത്ര എളുപ്പമല്ല.

Leave a Reply

Your email address will not be published.