കളക്ടര്‍ക്ക് പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി കോഫീഷോപ്പില്‍ മാംസവിഭവങ്ങളുടെ വില്പന ആരംഭിച്ചത് വിവാദത്തിലേക്ക്.
ഇവിടെ ഒരു യുവതി ചിക്കന്‍, ചീസ് ബര്‍ഗറുകളുടെ വില്പന നടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നത്. ഇതിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഇന്നലെ പരാതി സമര്‍പ്പിച്ചു. ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ ഭാഗമായ ആര്‍ട്ട് ഗാലറിയില്‍ മാംസഭക്ഷണങ്ങള്‍ വില്‍ക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും കാണിച്ച് എറണാകുളം ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരനാണ് ഇന്നലെ കളക്ടര്‍ക്ക് പരാതി നല്‍കിയത്. നിരവധി ഭക്തര്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും സമരപരിപാടികള്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് എറണാകുളം ശിവക്ഷേത്രത്തിന്റെ പൂരപ്പറമ്ബാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രൗണ്ടിലെ ഫുഡ് സ്റ്റാളുകള്‍ മത്സ്യ, മാംസാദികള്‍ വില്‍ക്കരുതെന്ന വ്യവസ്ഥയോടെയാണ് ലേലം ചെയ്യുന്നത്. ഉത്സവവേളകളില്‍ ഗ്രൗണ്ട് മൊത്തം ക്ഷേത്രത്തിന്റെ അധീനതയിലാകും. പകല്‍പ്പൂരവും മേളവും സാംസ്‌കാരിക പരിപാടികളും നടക്കുന്നത് ഇവിടെയാണ്. ക്ഷേത്രത്തിനും ഗ്രൗണ്ടിനും ഇടയ്ക്കുള്ള ഭാഗത്താണ് കൊച്ചി രാജാവിന്റെ ഡര്‍ബാര്‍ ആയിരുന്ന ഡര്‍ബാര്‍ ഹാള്‍. സാംസ്‌കാരിക വകുപ്പിന് കീഴിലെ ലളിതകലാ അക്കാഡമിയുടെ ആര്‍ട്ട് ഗാലറിയില്‍ ഒരു വര്‍ഷം മുമ്ബാണ് ക്യൂറേറ്റഡ് കഫേയെന്ന പേരില്‍ കോഫീ ഷോപ്പ് ആരംഭിച്ചത്. നിസാബാണ് കരാറുകാരന്‍. വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്ബിയിരുന്ന ഇവിടെ കഴിഞ്ഞ ദിവസം ചിക്കന്‍ ബര്‍ഗര്‍ ഉള്‍പ്പടെ വില്‍പ്പന തുടങ്ങി.
പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
ശിവക്ഷേത്രത്തിന്റെ ഭാഗമായിരുന്ന ഡര്‍ബാര്‍ ഹാളും ഗ്രൗണ്ടും കൊച്ചി മഹാരാജാവ് കൈമാറിയത് ഇവിടെ ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും പാടില്ലെന്ന വ്യവസ്ഥയോടെയാണ്. അതിനാലാണ് ഗ്രൗണ്ടില്‍ വെജിറ്റേറിയന്‍ ഫുഡ് സ്റ്റാളുകള്‍ മാത്രമുള്ളത്.
സാംസ്‌കാരിക വകുപ്പിന്റെ അറിവില്ലായ്മയാണ് ഇത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. – പി.രാജേന്ദ്രപ്രസാദ്, മുന്‍പ്രസിഡന്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി
സാംസ്‌കാരിക വകുപ്പ് കാണിക്കുന്നത് സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള മാംസഭക്ഷണക്കച്ചവടം. ആര്‍ട്ട് ഗാലറിയില്‍ ഹോട്ടല്‍ നടത്തുകയല്ല വേണ്ടത്. ഗാലറിയിലെ ചടങ്ങുകളില്‍ മാംസഭക്ഷണം വിളമ്ബുന്നതും അവസാനിപ്പിക്കണം. – സജി തുരുത്തിക്കുന്നേല്‍, ജില്ലാ പ്രസിഡന്റ്, ശിവസേന