
കണ്ണൂർ : പി.പി ദിവ്യ യ്ക്ക് ജാമ്യം ലഭിച്ച വിവരം അറിയിക്കുന്നതിനായി സി.പി.എം നേതാക്കള്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ എത്തി.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവരെത്തിയത്.
പാർട്ടിയില്‍ നിന്നും തെരത്തെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയതും ജാമ്യ ലഭിച്ചതുമായ കാര്യങ്ങളാണ് നേതാക്കള്‍ പി.പി. ദിവ്യയുമായുള്ള കൂടിക്കാഴ്ച്ചയില്‍ അറിയിച്ചത്. ജാമ്യം കിട്ടിയെന്ന സന്തോഷ വാർത്തയോടൊപ്പം പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ദുഃഖവാർത്തയും ഒരേ സമയം തന്നെയാണ് ദിവ്യയെ തേടിയെത്തിയത്.
എന്നാല്‍ ദിവ്യ ഇപ്പോഴും പാർട്ടി കാഡർ തന്നെയാണെന്നും തെറ്റുപറ്റിപ്പോയവരെ കൊല്ലാൻ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ദിവ്യയെ നേതാക്കള്‍ക്ക് കാണുന്നതിന് വിലക്കില്ലെന്നു ഗോവിന്ദൻ പറഞ്ഞതോടെയാണ് നേതാക്കള്‍ വനിതാ ജയിലിലെത്തിയത്.
എന്നാല്‍ വനിതാ ജയിലിന് സമീപം തമ്ബടിച്ചു കൂടിയ മാധ്യമങ്ങളോടെ പ്രതികരിക്കാൻ ജയിലില്‍ സന്ദർശനം നടത്തിയ നേതാക്കള്‍ തയ്യാറായില്ല.