കണ്ണൂര്‍: ഒരു മാസത്തിനുള്ളില്‍ ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷ സ്വീകരിച്ച അന്നുതന്നെ നല്‍കി ചരിത്രം കുറിച്ച് കെ എസ് ഇ ബി നോർത്ത് മലബാർ മേഖല.
ഒക്ടോബർ ഒന്നു മുതല്‍ 30 വരെയുള്ള കണക്കുപ്രകാരം നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 108 സെക്ഷൻ ഓഫീസുകളിലായി 1002 കണക്ഷനുകള്‍ പാക്കേജ് കണക്ഷനായി അപേക്ഷിച്ച അന്നേദിവസം തന്നെ നല്‍കുവാൻ സാധിച്ചുവെന്ന് കെ എസ് ഇ ബി അറിയിച്ചു.
പോസ്റ്റ് വേണ്ടാത്ത 35 മീറ്റർ സർവീസ് വയർ മാത്രം ആവശ്യമുള്ള സർവീസ് കണക്ഷനുകളാണ് പാക്കേജ് കണക്ഷൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഉപഭോക്തൃ സേവന വാരാഘോഷവുമായി ബന്ധപ്പെട്ട് കെഎസ്‌ഇബി സിഎംഡി നല്‍കിയ സർക്കുലറില്‍, അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു.
ഈ പദ്ധതി പ്രവർത്തികമാക്കുന്നതിന്‍റെ ഭാഗമായി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ മുതല്‍ സെക്ഷൻ ഓഫീസിലെ ഇലക്‌ട്രിസിറ്റി വർക്കർ വരെയുള്ള മുഴുവൻ ജീവനക്കാരുടെയും യോഗങ്ങള്‍ വിളിച്ചുചേർത്ത് ഒക്ടോബർ ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കാൻ മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി. ഓഫീസില്‍ വരുന്ന അപേക്ഷകള്‍ പാക്കേജ് കണക്ഷനായി രജിസ്റ്റർ ചെയ്യുവാൻ നിർദ്ദേശം നല്‍കി.
വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി വയറിംഗ് കോണ്‍ട്രാക്ടർമാർക്കും അപേക്ഷകർക്കും ഓണ്‍ലൈനായി പാക്കേജ് കണക്ഷൻ അപേക്ഷിക്കുന്നതിന്റെ വിധം പരിചയപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു. തുടർന്നും പോസ്റ്റ് വേണ്ടാത്ത 100 ശതമാനം അപേക്ഷകളും പാക്കേജ് കണക്ഷനായി നല്‍കുവാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കുവാനുള്ള ശ്രമത്തിലാണ് ജീവനക്കാരെന്നും കെ എസ് ഇ ബി അറിയിച്ചു.