പാലാ: 15 കുടുംബങ്ങള്‍ക്കായി അടുത്തടുത്ത് 15 വീടുകള്‍ പണിതു. ഒരുമിച്ചായിരിക്കാനായിരുന്നു ഇത്. വീടുകള്‍ക്കെല്ലാംകൂടി ഒരടുക്കള മാത്രം.
പാലായ്ക്കു സമീപം അന്ത്യാളത്താണ് മുതിർന്ന പൗരന്മാർ ഇങ്ങനെ അയല്‍വാസികളായത്. സിനർജി ടി.സി.ഐ. ഫോറം ഫോർ സീനിയർ സിറ്റിസണ്‍സ് എന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയിലെ അംഗങ്ങളാണിവർ. സിനർജി എന്ന വാക്കിന്റെ അർഥം സംഘോർജം എന്നാണ്.
2015-ലാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. 60 അംഗങ്ങളുണ്ട്. മുഖ്യഭാരവാഹി, കോട്ടയം ജില്ലയില്‍ സാക്ഷരതാ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുൻ കോളേജ് അധ്യാപകൻ ഡോ. തോമസ് എബ്രാഹം, ഒരുമിച്ച് താമസിക്കുക എന്ന ആശയം കൊണ്ടുവന്നപ്പോള്‍ 15 കുടുംബങ്ങള്‍ മുമ്ബോട്ടുവരുകയായിരുന്നു.
സംഘടനയിലൂടെ 15 പേരും സൗഹൃദത്തിലായി. അങ്ങനെയാണ് വാർധക്യത്തില്‍ കൂട്ടായ്മ തീർത്ത് ഒരുമിക്കാൻ തീരുമാനിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇവർ ഒരു സൊസൈറ്റി രൂപവത്കരിച്ചാണ് പദ്ധതി ആരംഭിച്ചത്. അന്ത്യാളത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങി. 15 വീടുകള്‍ പണിതു. ചെറിയ വ്യത്യാസമൊഴിച്ചാല്‍ വീടുകളെല്ലാം ഒരേപോലെ.
ഭക്ഷണസമയത്തെല്ലാം ഒരുമിച്ചുകൂടാനും സൗഹൃദം പങ്കിടാനും കഴിയുമെന്നതും നേട്ടം. വീടുകള്‍ക്ക് ചുറ്റുമതിലില്ല. പകരമുള്ളത് ജൈവവേലി. നിലവില്‍ എല്ലാവർക്കും കാറുണ്ട്. കൂടുതല്‍ പ്രായമാകുമ്ബോള്‍ കാറുകള്‍ വില്‍ക്കും.
പിന്നെ പൊതുവായി വാഹനം ഉപയോഗിക്കും. എല്ലാ ദിവസവും ഇവിടെ അതിഥികളുമുണ്ടാകുമെന്ന് കൂട്ടായ്മയിലെ അംഗമായ എബ്രാഹം തോമസ് പറയുന്നു.
വീടുകള്‍ പണിതശേഷം അവശേഷിക്കുന്ന സ്ഥലത്ത് പഴങ്ങളുണ്ടാകുന്ന മരങ്ങള്‍ നട്ടു. വിവിധ ജോലികളില്‍നിന്ന് വിരമിച്ചവരാണിവർ. വിവിധ മതങ്ങളില്‍പ്പെട്ടവരും. എല്ലാവരുടെയും മക്കള്‍ മറ്റു സ്ഥലങ്ങളില്‍ ജോലിചെയ്യുന്നു. മക്കള്‍ക്കും തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതില്‍ സന്തോഷമാണെന്ന് കേണല്‍ മാത്യു മുരിക്കൻ പറഞ്ഞു. വാർധക്യത്തില്‍ ഒരുമിച്ചുള്ള താമസം പരസ്പരം കൈത്താങ്ങായി മാറുമെന്നും അദ്ദേഹം തുടർന്നു.
സിനർജി ഹൗസിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജോസ് കെ.മാണി എം.പി., മാണി സി.കാപ്പൻ എം.എല്‍.എ. എന്നിവർ പങ്കെടുത്തു.