ഗുണവും മണവും ആഹാരത്തിന് പ്രത്യേക സ്വാദ് നല്‍കുമെന്നതിലുപരി ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വെളുത്തുള്ളി നല്‍കുന്ന പങ്ക് ചെറുതല്ല.
വയറിന് നല്ലതാണെന്ന് അറിയാമെങ്കിലും ഒരല്ലി വെളുത്തുള്ളി തലയണയ്‌ക്ക് അടിയില്‍ വച്ച് ഉറങ്ങുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ അല്‍പം പ്രയാസമായിരിക്കും. ഉറക്കവും വെളുത്തുള്ളിയും തമ്മിലെന്ത് ബന്ധമെന്നായിരിക്കും ചിന്ത. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അറിയാം..
വെളുത്തുള്ളിയില്‍ നിരവധി വിറ്റാമിനുകളുണ്ട്. വിറ്റാമിൻ ബി 6, തയാമിൻ, പാൻ്റോതെനിക് ആസിഡ്, വിറ്റാമിൻ സി എന്നിവയും മാംഗനീസ്, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്ബ്, സിങ്ക് തുടങ്ങിയ ധാതുക്കളും വെളുത്തുള്ളിയിലുണ്ട്. കൊതുകിനെയും കീടങ്ങളെയും അകറ്റുന്നതിന് വെളുത്തുള്ളിയുടെ ഗന്ധം സഹായിക്കുകയും ചെയ്യും. അതിനാല്‍ രാത്രി ക്ഷുദ്രജീവികള്‍, കൊതുക്, ഈച്ച എന്നിവയുടെ ശല്യം ഉണ്ടാകാതെ കിടന്നുറങ്ങാൻ വെളുത്തുള്ളി സഹായിക്കും. ഇനി ഉറക്കമില്ലായ്മ അകറ്റാൻ എങ്ങനെയാണ് വെളുത്തുള്ളി സഹായിക്കുന്നതെന്ന് നോക്കാം..
വെളുത്തുള്ളിയില്‍ വിറ്റാമിൻ ബി 1, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് നാഡികളെ ശാന്തമാക്കുകയും വേഗം ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. കൂടാതെ വെളുത്തുള്ളിയില്‍ അലിസിൻ എന്ന ആൻ്റി ടോക്‌സിനുമുണ്ട്. ഇത് മൂക്കടപ്പ് നീക്കം ചെയ്യാനും ബാക്ടീരിയ അണുബാധകളെ അകറ്റി നിർത്താനും സഹായിക്കും.
മാത്രവുമല്ല ഉറക്ക തകരാറുകളെ പരിഹരിക്കാൻ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം സഹായിക്കും. അതുകൊണ്ടാണ്, ശാന്തമായ ഉറക്കം കിട്ടാൻ അടുത്ത് വെളുത്തുള്ളി വച്ച് ഉറങ്ങുന്നത് നല്ലതാണെന്ന് പഴമക്കാർ പറയുന്നത്. എന്നാല്‍ വെളുത്തുള്ളിയുടെ ഗന്ധം ഇഷ്ടമില്ലാത്തവരാണെങ്കില്‍ വെളുത്തുള്ളി ചതച്ച് തിളപ്പിച്ച വെള്ളം കുടിച്ചതിന് ശേഷം ഉറങ്ങാൻ കിടന്നാല്‍ മതിയാകും.