(Palakkad)പാലക്കാട് അകത്തേത്തറയില്‍ ജനവാസമേഖലയില്‍ കരടിയിറങ്ങി. ചീക്കുഴി ഭാഗത്ത് ഇന്നലെ വൈകീട്ടാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കരടിയെ കണ്ടത്. കാട്ടാന,പുലി ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കരടിയുടേയും സാന്നിധ്യം.
വൈകിട്ട് ആറുമണിയോടെ ഒന്‍പതിലും, പത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞ് റോഡിലൂടെ നടന്നുവരവേയാണ് കരടിയെ കണ്ടത്. അത്ഭുതകരമായാണ് ഇരുവരും കരടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാട്ടാനയുടെയും പുലിയുടെയും തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ചീക്കുഴി ഗ്രാമം. കരടിയുടെ സാന്നിധ്യം കൂടിയായതോടെ ആശങ്കയും കൂടി.
മേഖലയിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും, വഴിവിളക്കുകള്‍ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.