വീണ്ടും ആധിപത്യം തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതാവായ റിലയൻസ് ജിയോ. തുടർച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ജിയോ മുന്നിലെത്തി.
അന്താരാഷ്‌ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ടിഫിഫിഷ്യന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഡാറ്റാ ട്രാഫിക്കില്‍ 24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെലികോം രംഗത്തെ നേതാവായി ജിയോ മാറുന്നതിന്റെ സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിശ്ചിത സമയത്തിനുള്ളില്‍ നെറ്റ്വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റയ്‌ക്കാണ് ഡാറ്റാ ട്രാഫിക് എന്നുവിളിക്കുന്നത്. ജിയോയുടെ പ്രധാന എതിരാളിയായ എയർടെല്‍ വർഷം തോറും 23 ശതമാനം വളർച്ച കൈവരിച്ചു. മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ജിയോ ഗണ്യമായ കുതിപ്പ് നിലനിർത്തുകയാണ്. അതേസമയം ചൈന മൊബൈല്‍ രണ്ട് ശതമാനം വർദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്.
ഡാറ്റ ട്രാഫിക്കില്‍ മുൻപിലാണെങ്കിലും വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ താരിഫ് ഉയർത്തിയതോടെ വൻ ഇടിവാണ് വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഉള്‍പ്പടെയുള്ള ടെലികോം ദാതാക്കള്‍ക്കുണ്ടായിരിക്കുന്നത്. ജൂലൈ മുതല്‍ ജിയോയ്‌ക്ക് നഷ്ടപ്പെട്ടത് 11 ദശലക്ഷം ഉപയോക്താക്കളെയാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 489.7 ദശലക്ഷം വരിക്കാരുണ്ടായിരുന്നത് ജൂലൈ-സെപ്റ്റംബർ പാദത്തില്‍ 478.8 ദശലക്ഷമായി കുറഞ്ഞു. എന്നിരുന്നാലും 5ജി സേവനം ഉപയോക്താക്കളെ ആകർഷിക്കുന്നു.
ജിയോയുടെ 5G ഉപയോക്താക്കളുടെ എണ്ണം 148 ദശലക്ഷത്തിലെത്തി. ഓരോ ജിയോ ഉപയോക്താവും പ്രതിമാസം ശരാശരി 31 ജിബി ഡാറ്റ ഉപയോഗിക്കുന്നു. ജിയോയ്‌ക്ക് ക്ഷീണം വന്നപ്പോള്‍ ലാഭമായത് ബിഎസ്‌എൻഎല്ലിനാണ്. 5.5 ദശലക്ഷം വരിക്കാരെയാണ് ബിഎസ്‌എൻഎല്‍ നേടിയത്. ജൂലൈയില്‍ മാത്രം മൂന്ന് ദശലക്ഷം വരിക്കാരെയും ഓഗസ്റ്റില്‍ 2.5 ദശലക്ഷം പുതിയ വരിക്കാരെയും ലഭിച്ചു.