കണ്ണൂര്‍: എംഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി വി ദിവ്യ.
പള്ളിക്കുന്നിലെ വനിതാ ജയിലിലെ അന്തേവാസിയാണ് ദിവ്യ. ഈ ജയില്‍ ദിവ്യയെ സംബന്ധിച്ചിടത്തോളം അന്യമായൊരു കേന്ദ്രമല്ല, കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കവേ തന്നെ ജയിലിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി തവണ അവര്‍ ഇവിടെ എത്തിയിരുന്നു.
അന്നെല്ലാം അതിഥിയായാണ് എത്തിയതെങ്കില്‍ ഇക്കുറി ദിവ്യ ജയിലില്‍ എത്തിയത് ആത്മഹത്യാ പ്രേരണാ കേസിലെ പ്രതിയായായാണ്. എങ്കിലും സിപിഎമ്മിന്റെ സ്വന്തം ഇടമായ കണ്ണൂരില്‍ ദിവ്യയ്ക്ക് വേണ്ടത്ര പരിഗണനയെല്ലാം തന്നെ ലഭിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ പോലും വിഐപി പരിഗണന അവര്‍ക്ക് ലഭിച്ചെന്ന വികാരം ശക്തമായിരുന്നു. ദിവ്യയെ ചാനല്‍ ക്യാമറകളില്‍ നിന്നും രക്ഷിച്ചാണ് ജയിലില്‍ എത്തിച്ചതും. അതുകൊണ്ട് തന്നെ ദിവ്യ പറയുന്നത് ചെയ്തുകൊടുക്കാന്‍ തയ്യാറായി ജയില്‍ അധികാരികളുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്നു തന്നെയാണ് വനിതാ ജയില്‍.
എങ്കിലും വലിയ ആവശ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചിട്ടില്ല. റിമാന്‍ഡ് കേസിലെ തടവുകാരി ആയതുകൊണ്ടും മറ്റ് സ്ഥിരം തടവുകാര്‍ക്കുള്ള നിബന്ധനകള്‍ ഇവര്‍ക്ക് ബാധകമല്ല. രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു. ഇനിയും കുറച്ചു ദിവസം കൂടി ജയിലില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകും. ജയിലില്‍ നേരംപോക്കായി ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകുകയുമാണ് അവര്‍ ചെയ്തത്. പത്രങ്ങളും മറ്റു പുസ്തകങ്ങളുമെല്ലാം വായിച്ചാണ് അവര്‍ സമയം ചെലവഴിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ജയിലില്‍ ദിവ്യ എത്തുന്നു എന്നറിഞ്ഞും ചില ഒരുക്കങ്ങള്‍ നടത്തിയതായി സുചനയുണ്ട്. പ്രശ്‌നക്കാരായ തടവുകാര്‍ അധികം ഇവിടെയില്ല. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ മറ്റ് തടവുകാരില്‍നിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാന്‍ ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.
രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാല്‍ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷാ തടവുകാര്‍ക്കുള്ള നിയന്ത്രണങ്ങളോ തടവുകാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാന്‍ഡ് തടവുകാര്‍ക്കില്ല. വീട്ടില്‍നിന്ന് എത്തിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനുള്ള അനുവാദം ജയില്‍ ചട്ടങ്ങളിലുണ്ട്. ധരിച്ചത് വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രം തന്നെയാണ്.
ബുധനാഴ്ച ദിവ്യക്ക് സന്ദര്‍ശകര്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. നേതാക്കളും ബന്ധുക്കളും എത്തിയതായി സൂചനയുണ്ട്. രാവിലെ 6.30 ഓടെ സെല്ലുകള്‍ തുറക്കും. 7.30-ന് പ്രഭാത ഭക്ഷണം നല്‍കും. ജയില്‍ ഭക്ഷണം തന്നെയാണ് ദിവ്യ കഴിച്ചതും. ജയില്‍ ജീവിതത്തിന്റെ ആദ്യദിനത്തില്‍ ആറോടെ ദിവ്യ ഉറക്കമുണര്‍ന്നിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പി.പി. ദിവ്യ പോലീസില്‍ കീഴടങ്ങിയത്.
പോലീസ് അറസ്റ്റുചെയ്ത് തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. കേസിന്റെ തുടക്കം മുതല്‍ ദിവ്യക്ക് വലിയ പരിഗണനയാണ് ലഭിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചേര്‍ത്തു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ദിവ്യയുടെ മൊഴിയെടുക്കാന്‍പോലും തുനിയാത്ത പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്രയും ദിവസം ദിവ്യ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
അതിനര്‍ഥം, ദിവ്യ എവിടെയെന്നറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നുതന്നെ. ആരോഗ്യവകുപ്പും റവന്യുവകുപ്പും തുടക്കത്തില്‍തന്നെ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും പൊലീസ് നടപടികള്‍ ഇഴഞ്ഞത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. എഡിഎമ്മിന്റെ മരണം നടന്ന് 10ാം ദിവസമാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘെ
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച 38 പേജുകളുള്ള വിധിന്യായം വന്നതോടെ, ഗത്യന്തരമില്ലാതെയുള്ള കീഴടങ്ങലിനെയാണ് കസ്റ്റഡിയിലെടുക്കലായി വ്യാഖ്യാനിച്ച് മുഖം രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചത്. അതിനുശേഷം, മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ പൊലീസ് വലിയ അഭ്യാസമാണു നടത്തിയത്. ദിവ്യയുടെ ദൃശ്യം മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ വലിയ മുന്‍കരുതല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയില്‍ പൊതുജനമധ്യത്തില്‍ തലയുയര്‍ത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികള്‍ക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. പൊലീസില്‍ കീഴടങ്ങി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍നിന്നു പുറത്തിറങ്ങുമ്ബോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു.
അടുത്ത തവണ എംഎല്‍എ, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാല്‍, ഒക്ടോബര്‍ 15നു പുലര്‍ച്ചെ എഡിഎം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫില്‍ ചുവപ്പുവര വീണു. ചുവപ്പുകോട്ടയില്‍ തീപ്പൊരി പ്രസംഗത്തിലൂടെ വളര്‍ന്നുവന്ന ദിവ്യയുടെ രാഷ്ട്രീയഭാവി തല്‍ക്കാലമെങ്കിലും ഇരുട്ടിലായി.
കലക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിക്കപ്പെടാതെയെത്തി, എഡിഎം നവീന്‍ ബാബുവിനെ അപഹസിച്ചുകൊണ്ടു ദിവ്യ നടത്തിയ പ്രസംഗം എല്ലാം തകര്‍ത്തെറിഞ്ഞു. ‘ഒരു നിമിഷം മതി നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാന്‍’ എന്ന വാക്കുകള്‍ ദിവ്യയുടെ രാഷ്ട്രീയജീവിതത്തിലും അറംപറ്റി. പാര്‍ട്ടിയും പൊലീസും സംരക്ഷണം നല്‍കിയെങ്കിലും കോടതി കൈവിട്ടതോടെ ജയിലിലേക്കു വഴി തെളിഞ്ഞു.
രാഷ്ട്രീയത്തില്‍ ശരവേഗത്തിലായിരുന്നു ദിവ്യയുടെ വളര്‍ച്ച. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എന്‍.സുകന്യ എന്നിവരുടെ പിന്‍ഗാമിയായി വന്ന ദിവ്യ എസ്‌എഫ്‌ഐയിലൂടെയാണ് വളര്‍ന്നത്. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍മാനായതോടെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടു. മുതിര്‍ന്ന നേതാക്കളുടെ തണലില്‍ വളര്‍ച്ച വേഗമായി. ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്നതും വളരെ വേഗം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളുണ്ട് ഇപ്പോള്‍.
36ാം വയസ്സിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയോടെ വനിതാ ജയിലില്‍ ഒട്ടേറെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്ന ദിവ്യ രാത്രി അവിടെയെത്തിയത് റിമാന്‍ഡ് തടവുകാരി എന്ന നിലയില്‍.