“മഞ്ഞുമ്മല്‍ ഗേള്‍”; സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെറ്റി പാറയിടുക്കില്‍ വീണ വിദ്യാര്‍ത്ഥിനിയെ 20 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപെടുത്തി VM TV NEWS

Spread the love

തുംകുരു: സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെറ്റി ഒഴുക്കില്‍പ്പെട്ടു പാറയിടുക്കില്‍ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപെടുത്തി.

കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ശിവരാംപൂർ സ്വദേശിയായ സോമനാഥിന്റെ മകള്‍ ഹംസയാണ് ഈ “മഞ്ഞുമ്മല്‍ ഗേള്‍. എസ്‌ഐടി കോളജില്‍ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ഇവർ.

ഞായറാഴ്ച അവധിയായതിനാല്‍ സുഹൃത്ത് കീർത്തനയ്‌ക്കൊപ്പം മന്ദരഗിരിക്ക് സമീപമുള്ള മൈദാല തടാക പ്രദേശത്തേക്ക് യാത്ര പോയിരുന്നു. മന്ദരഗിരി മലനിരകളില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു.സെല്‍ഫിയെടുക്കാൻ പോയ ഇവർ മൈദാല തടാകത്തിലെക്ക് ഒഴുകിപ്പതിക്കുന്ന ഒരു കൊച്ചരുവിയിലെ പാറക്കെട്ടില്‍ കുടുങ്ങി. ഹംസ മലയിടുക്കിലേക്ക് തെന്നി വീഴുകയും പാറകള്‍ക്കിടയില്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നത് കണ്ട സുഹൃത്ത് കീർത്തന സ്ഥലവാസികളെ വിവരം അറിയിച്ചു. പിന്നീട് കീർത്തന ഹംസയുടെ മാതാപിതാക്കളെ വിളിച്ചു, അവർ പോലീസില്‍ വിവരമറിയിച്ചു.

ഡിവൈഎസ്പി ചന്ദ്രശേഖർ, ക്യാത്‌സന്ദ്ര പിഎസ്‌ഐ ചേതൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിശമന സേനയും ചേർന്ന് തിരച്ചില്‍ ആരംഭിച്ചു. ഫയർഫോഴ്‌സും പോലീസും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പതിനഞ്ചടിയോളം താഴ്ചയിലുള്ള പാറക്കെട്ടിനിടയില്‍ ഹംസ കുടുങ്ങിയ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല.അതുവഴി വെള്ളം ഒഴുകുന്നതിനാല്‍ അവളെ കണ്ടെത്താനും രക്ഷിക്കാനും പ്രയാസമായിരുന്നു. അവർ കുടുങ്ങിക്കിടന്ന പാറയിടുക്കില്‍ വെള്ളം കയറാതിരിക്കാൻ മുകളില്‍ മണല്‍ ചാക്കുകള്‍ അടുക്കി തോട്ടിലെ വെള്ളം തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി വൈകി നിർത്തിവെച്ച രക്ഷാപ്രവർത്തനം തിങ്കളാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചു. മണല്‍ചാക്കുകള്‍ ഇട്ട് നീരൊഴുക്ക് പരിമിതപ്പെടുത്തിയപ്പോള്‍ ഹംസയുടെ നിലവിളി കേള്‍ക്കാമായിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക് 12:00 മണിയോടെ 20 അടി വരെ താഴ്ചയില്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ ഹംസയെ ജീവനോടെ രക്ഷപ്പെടുത്തി. അതിനിടെ ഏകദേശം 20 മണിക്കൂറോളം അവർ പാറക്കെട്ടില്‍ കുടുങ്ങിക്കിടന്നു. ഹംസയ്‌ക്ക് ശരീരത്തില്‍ ചില ചതവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. തുംകുരു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഹാമസ്തയുടെ നില തൃപ്തികരമാണ്.പത്തിലധികം സേനാംഗങ്ങള്‍ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.