ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുമ്ബ് താമസിച്ചിരുന്ന ആഡംബര ബംഗ്ലാവായ ‘ശീഷ് മഹലില്‍’ 100 കോടി രൂപയിലധികം വിലമതിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കിയതായി റിപ്പോര്‍ട്ട്.
പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) കഴിഞ്ഞദിവസം വെളിപ്പെടുത്തിയ പട്ടിക അമ്ബരപ്പിക്കുന്നതാണ്.
21,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വസതിക്ക് കെജ്രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഎപിയും ഉയര്‍ത്തിപ്പിടിച്ച ‘ആം ആദ്മി’ പ്രതിച്ഛായയുമായി ബന്ധമില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
64 ലക്ഷം രൂപ വിലയുള്ള 16 അള്‍ട്രാ സ്ലിം സ്മാര്‍ട്ട് 4കെ ടിവികളും 4-6 കോടി രൂപ വിലമതിക്കുന്ന മോട്ടറൈസ്ഡ് വിന്‍ഡോ കര്‍ട്ടനുകളും ഇവിടെയുണ്ട്. 10 ലക്ഷം രൂപ വിലയുള്ള ആഡംബര സോഫകളാലും ബംഗ്ലാവ് അലങ്കരിച്ചിരിക്കുന്നു. സമ്ബന്നമായ ജീവിതശൈലി എടുത്തുകാണിക്കുന്നതാണ് വസതിയിലെ സൗകര്യങ്ങള്‍. പുതിയ മുഖ്യമന്ത്രി ആതിഷി മര്‍ലീനയ്ക്ക് സ്വത്ത് കൈമാറാന്‍ തയ്യാറെടുക്കവെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് കണക്കുകളെടുത്തത്.
നികുതിദായകരുടെ പണം വ്യക്തിഗത ആഡംബരത്തിനായി കെജ്രിവാള്‍ ദുരുപയോഗം ചെയ്തു എന്ന ആരോപണം ശരിവെക്കുന്നതാണ് വെളിപ്പെടുത്തലുകള്‍. 2023 മെയ് മാസത്തില്‍, അദ്ദേഹത്തിന്റെ സ്വകാര്യ വസതിയില്‍ അമിതമായി പണം ചെലവഴിച്ചെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
19.5 ലക്ഷം രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് എല്‍ഇഡി ടിവി, 4 ലക്ഷം രൂപ വിലയുള്ള ഒസാഡ ഫുള്‍ ബോഡി മസാജ് ചെയര്‍, 4.5 ലക്ഷം രൂപ വിലയുള്ള ബോസ് ലൗഡ് സ്പീക്കര്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു. 9 ലക്ഷം രൂപ വിലയുള്ള ഇന്‍ബില്‍റ്റ് ടിവി സ്‌ക്രീനുകള്‍ ഉള്ള സ്മാര്‍ട്ട് റഫ്രിജറേറ്ററുകള്‍, 9 ലക്ഷം രൂപയുടെ 73 ലിറ്റര്‍ സ്റ്റീം ഓവന്‍, 6 ലക്ഷം രൂപ വിലയുള്ള 50 ലിറ്റര്‍ മൈക്രോവേവ് ഓവന്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള വീട്ടുപകരണങ്ങള്‍ അടുക്കളയില്‍ ഉണ്ട്. കൂടാതെ, 2.5 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ബോഷ് സീരീസ് 8 ബില്‍റ്റ്-ഇന്‍ കോഫി മെഷീനും ഗാഡ്ജെറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
15 കോടി രൂപയുടെ മികച്ച സാനിറ്ററി ഇന്‍സ്റ്റാളേഷനുകളും ഈ വസതിയിലുണ്ട്. 70 ലക്ഷം രൂപ വിലയുള്ള ഓട്ടോമാറ്റിക് സ്ലൈഡിംഗ് സെന്‍സറുകളുള്ള മരം, ഗ്ലാസ് വാതിലുകളും 36 ലക്ഷം രൂപ വിലമതിക്കുന്ന 24 അലങ്കാര തൂണുകളും ഇവിടെയുണ്ട്. 10 ലക്ഷം രൂപ വിലമതിക്കുന്ന 20 ഗ്രാന്‍ഡ് ഏജ്ഡ് ബ്രാസ് എന്‍ട്രന്‍സ് സ്‌കോണ്‍സ് ഔട്ട്ഡോര്‍ വസതിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ വസതിയിലെ ആഡംബരത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ കെജ്രിവാളിന്റെ ജീവിതരീതിയെ വിമര്‍ശിച്ചു. ജനസംഖ്യയുടെ പകുതി പേര്‍ക്കും ഒരു കോടി രൂപയുടെ വീട് സ്വന്തമാകുക എന്നത് വിദൂര സ്വപ്നമാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പൊതു ഫണ്ടിന്റെ അമിതമായ ഉപയോഗമാണ് ഇന്‍വെന്ററി വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു