ബസിൽ തളർന്നു വീണ് പ്ലസ്ടു വിദ്യാർത്ഥിനി; ആശുപത്രിയിലെത്തിച്ച് വീട്ടുകാരെത്തും വരെ കൂട്ടിരിന്ന് സ്വകാര്യ ബസിലെ കണ്ടക്ടർ BREAKING NEWS OF THE HOUR

Spread the love

കാഞ്ഞാണി: ബസിൽ തളർന്നുവീണ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. യാത്രയ്ക്കിടെ സുഖമില്ലാതായ മണലൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് ബസ് ജീവനക്കാർ തുണയായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് വീട്ടുകാരെത്തുന്നതുവരെ കാവലിരുന്നത് ബസിലെ കണ്ടക്ടർ ആയിരുന്നു. തൃശ്ശൂർ-വാടാനപ്പള്ളി റൂട്ടിലോടുന്ന ശ്രീറാം ബസിലെ കണ്ടക്ടർ ചേറ്റുവ അഞ്ചാംകല്ല് സ്വദേശി സുമേഷ് ആണ് രക്ഷതകനായത്.നടുവിൽക്കരയിൽനിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ അച്ഛനോടൊപ്പമാണ് വിദ്യാർഥി തൃശ്ശൂരിലേക്ക് പോയിരുന്ന ബസിൽ കയറുന്നത്. തൃക്കുന്നത്ത് മൂന്നുംകൂടിയ സെന്റർ ബസ്സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടത്. അച്ഛൻ ബസിൽ നിന്നും ഇറങ്ങിയ ശേഷം മുൻസീറ്റിൽ ഇരുന്ന മകളെ വിളിച്ചെങ്കിലും കേട്ടില്ല. ബസിൽ നല്ല തിരക്കായതിനാൽ മകൾക്ക് ഇറങ്ങാനായില്ലെന്നാണ് അച്ഛൻ കരുതിയത്. തുടർന്ന് തൊട്ടടുത്ത സ്റ്റോപ്പായ കാഞ്ഞാണി ബസ്സ്റ്റാൻഡിൽ ഇറങ്ങിനിന്നാൽ മതിയെന്ന് അച്ഛൻ വിളിച്ചുപറഞ്ഞു.എന്നാൽ, ഈ സമയം വിദ്യാർഥി ബസിൽ ബോധരഹിതയായി കിടക്കുകയായിരുന്നു. സമീപത്തിരുന്നവർ ഉറങ്ങുകയാണെന്നാണ് കരുതിയത്. ബസ് തൃശ്ശൂരിൽ എത്തിയപ്പോൾ അടുത്തിരുന്ന സ്ത്രീ എഴുന്നേറ്റപ്പോഴാണ് ബോധം നഷ്ടപ്പെട്ടതാണെന്നറിയുന്നത്.ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചു. കുട്ടിയുടെ സ്കൂ‌ൾ ഐ.ഡി. കാർഡിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ച് സ്‌കൂൾ അധികൃതരുമായി സംസാരിച്ച് രക്ഷിതാക്കളെ വിവരം ധരിപ്പിച്ചു. വീട്ടുകാർ എത്തി കുട്ടിയുടെ ചുമതല അവരെ ഏൽപ്പിച്ചശേഷമാണ് ബസ് സർവീസ് പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published.