കാട്ടാക്കട: രണ്ടുദിവസങ്ങളായി ഉത്തരംകോട്, കോട്ടൂര്‍, മലവിള പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ വിഹരിക്കുന്നു; ജനങ്ങള്‍ ഭീതിയില്‍.
കഴിഞ്ഞ ദിവസങ്ങളിലാണ് കോട്ടൂര്‍, വാഴപ്പള്ളി പ്രദേശത്ത് കാട്ടുപോത്തുകളെ കണ്ടുതുടങ്ങിയത്.
വനത്തിനോട് ചേർന്ന ഉത്തരംകോട് പ്രദേശത്ത് ഞായറാഴ്ച കൂറ്റന്‍ കാട്ടുപോത്തുകള്‍ കൂട്ടമായെത്തിയതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. കഴിഞ്ഞദിവസം പുലർച്ച നെടുവാൻവയല്‍ ഭാഗത്ത് നിന്നുവന്ന നാല് കാട്ടുപോത്തുകള്‍ വനത്തില്‍നിന്ന് ഒഴുകിയെത്തുന്ന തോട്ടിലൂടെ ഗ്രാമം വഴി മലവിളയിലും അവിടെ നിന്ന് ഉത്തരംകോട് ജങ്ഷനിലുമെത്തി.
കാട്ടുപോത്തുകളെ കണ്ട ടാപ്പിങ് തൊഴിലാളികള്‍ ബഹളംെവച്ചതോടെ ഇവ വന്നവഴി തിരിച്ച് വനത്തിലേക്ക് പോയി. അടുത്തിടെയായി പ്രദേശത്ത് കാട്ടുപോത്തുകളുടെ ശല്യം വർധിച്ചതായി പറയുന്നു. കൂട്ടമായെത്തുന്ന ഇവ കൃഷിയിടങ്ങളില്‍ കടന്നുകയറി വിളകള്‍ കുത്തിമറിച്ച് നശിപ്പിക്കുക പതിവാണ്. പുലർച്ച റബർ ടാപ്പിങ്ങിനിറങ്ങുന്ന തൊഴിലാളികള്‍ക്കും ഇവ ഭീഷണിയാണ്. ഇരുട്ടില്‍ പെട്ടെന്ന് മുന്നിലെത്തുന്ന ഇവ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കുമെന്നും അവർ പറഞ്ഞു.
ജനവാസ മേഖലയില്‍ കാട്ടുപോത്തുകളെ നേരിട്ട് കണ്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ ജാഗ്രത പുലർത്തുന്നുണ്ട്. പ്രദേശത്തെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ പുറത്തുവിടാൻപോലും ഭയക്കുകയാണ്. കോട്ടൂരില്‍ മുമ്ബും ഇതുപോലെ പലതവണ ജനവാസകേന്ദ്രത്തിലേക്ക് കാട്ടുപോത്ത് ഇറങ്ങിയിട്ടുണ്ട്. പന്നി, മാൻ, മയില്‍, കുരങ്ങ്, തുടങ്ങിയവയുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് ഇപ്പോള്‍ കാട്ടുപോത്ത് കൂടി ഭീഷണിയാകുകയാണ്.