
141 യാത്രക്കാരുമായി ഒക്ടോബർ 12-ന് തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാർജയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരാരും ആ ദിവസം ഇനി ഒരിക്കലും മറക്കില്ല.
യന്ത്രത്തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്ന വിമാനം സുരക്ഷിതമായ ലാൻഡിങ്ങിനുവേണ്ടി മൂന്നുമണിക്കൂറോളമാണ് ട്രിച്ചി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടു പറന്നത്. അത് തങ്ങള്‍ക്കും മറക്കാൻ പറ്റാത്ത ദിനമായി മാറിയതിനെക്കുറിച്ച് പറയുകയാണ് വിമാനം പറത്തിയിരുന്ന പൈലറ്റുമാരില്‍ ഒരാളായ മൈത്രേയിയുടെ മാതാപിതാക്കള്‍.
വാർത്ത അറിഞ്ഞ നിമിഷം തളർന്നുപോയെങ്കിലും മകളുടെ അസാമാന്യമായ ധൈര്യത്തിലും നിശ്ചയദാർഢ്യത്തിലും പിന്നീട് അഭിമാനം തോന്നിയെന്നും മൈത്രേയിയുടെ മാതാപിതാക്കളായ രുക്മിണിയും ശ്രീകൃഷ്ണയും ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘പഠനത്തിനായുള്ള ഇളയ മകളുടെ ജർമൻ യാത്രയ്ക്കുവേണ്ട തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ വാർത്ത ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വിമാനം തിരിച്ചിറക്കിയ ശേഷം മകളാണ് ഞങ്ങളെ വിളിച്ച് കാര്യം പറഞ്ഞത്. ഒരു നിമിഷത്തേക്ക് കാലുകള്‍ തളരുന്നതുപോലെ തോന്നി’, രുക്മിണി പറയുന്നു.
‘അഞ്ചിലോ ആറിലോ പഠിക്കുമ്ബോള്‍ ഡല്‍ഹിയില്‍ നിന്നും പുണെയിലേക്ക് പോയ വിമാനയാത്രയാണ് അവളുടെ മനസില്‍ പൈലറ്റാവണമെന്ന മോഹത്തിന് വിത്തിട്ടത്. അന്ന് വിമാനം പറത്തിയത് ഒരു സ്ത്രീയായിരുന്നു. അന്നവർ മൈത്രേയിയെ കോക്ക്പിറ്റിലൊക്കെ കയറ്റി. അന്ന് ആ നിമിഷം അവള്‍ പറഞ്ഞു, തനിക്കും പൈലറ്റ് ആകണമെന്ന്. ജോലിക്ക് കയറുന്ന സമയത്ത് ഞങ്ങള്‍ അവളോട് പറഞ്ഞിട്ടുണ്ട്, വിമാനത്തിലുള്ള എല്ലാവരുടേയും ജീവൻ നിന്റെ ഉത്തരവാദിത്തമാണെന്ന്. അന്ന് ട്രിച്ചിയില്‍ അവള്‍ ആ വാക്കുകള്‍ പൂർണമായും പാലിച്ചു’, രുക്മിണി കൂട്ടിച്ചേർത്തു.