
ആഭരണങ്ങളോട് ഏറെ പ്രിയമുള്ള ആളുകളാണ് നമ്മള്‍ ഇന്ത്യക്കാർ. കല്യാണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് അത്രത്തോളം ആഭരണങ്ങള്‍ നാം വാങ്ങിക്കൂട്ടാറുണ്ട്.
അതില്‍ ഏറിയപങ്കും സ്വർണം തന്നെയാണ് നാം വാങ്ങാറുള്ളതും. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജ്വല്ലറി മേഖല വലിയ വളർച്ചയുടെ പാതയിലാണ് എക്കാലവും. അതില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കിയ നിരവധി ബിസിനസുകാർ നമുക്ക് ചുറ്റുമുണ്ട്.
എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും സമ്ബന്നനായ ജ്വല്ലറി ഉടമ എന്ന വിശേഷണം ചാർത്തിക്കിട്ടിയ ഒരാളേയുള്ളൂ. പലർക്കും അത് അറിയില്ലെങ്കിലും അദ്ദേഹമൊരു മലയാളിയാണ്. കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ ഒരു സ്വർണവ്യാപാര സ്ഥാപനത്തില്‍ നിന്നും തുടങ്ങി ഇന്ന് ആഗോള തലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി കമ്ബനികളില്‍ ഒന്നായി മാറിയ കല്യാണ്‍ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉടമയായ ടിഎസ് കല്യാണരാമനെ കുറിച്ച് അറിയാത്തവർ അധികം ഉണ്ടാവില്ല. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ശ്രംഖലയുടെ തലപ്പത്ത് ഇരിക്കുന്ന അദ്ദേഹത്തിന്റെ യാത്ര പലർക്കും പ്രചോദനമാണ്. ചെറിയ ബിസിനസില്‍ നിന്നും കഠിനാധ്വാനവും അർപ്പണ മനോഭാവവും കൊണ്ട് വലിയ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് അദ്ദേഹം.
ടിഎസ് കല്യാണരാമനും കല്യാണ്‍ ജ്വല്ലേഴ്‌സും
ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ കൊച്ചുമകനും വസ്ത്രവ്യാപാരം നടത്തി വന്നിരുന്ന വ്യക്തിയുടെ മകനുമായ ടിഎസ് കല്യാണരാമൻ പെട്ടെന്നൊരുനാള്‍ കൊണ്ട് സാമ്രാജ്യം വെട്ടിപ്പിടിച്ച വ്യക്തിയല്ല. ചെറിയ നിക്ഷേപത്തില്‍ നിന്ന് തുടങ്ങിയ കല്യാണ്‍ ജ്വല്ലേഴ്‌സ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് മുന്നോറോളം ഷോറൂമുകള്‍ സ്വന്തമായുള്ള വലിയ സാമ്രാജ്യത്തിലേക്കാണ്.
നിലവില്‍ ഇന്ത്യയില്‍ 250ലധികം ഷോറൂമുകളാണു കല്യാണ്‍ ജ്വല്ലേഴ്‌സിന് ഉള്ളത്. യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലായി മുപ്പത് ഷോറുമുകള്‍ വേറെയുമുണ്ട്. കമ്ബനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 75,000 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അധികം വൈകാതെ തന്നെ കല്യാണിന്റെ മാർക്കറ്റ് യുഎസിലേക്ക് കൂടി വളർത്താനാണ് അവർ പദ്ധതിയിടുന്നത്.
1993-ല്‍ തൃശൂരിലെ ഒരു ചെറിയ തെരുവില്‍ ചെറിയ ജ്വല്ലറി ആരംഭിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ തുടക്കം. കൈയിലുണ്ടായിരുന്ന ആകെയുള്ള സമ്ബാദ്യമായി 25 ലക്ഷം രൂപ തികയാതെ വന്നതോടെ 50 ലക്ഷം വായ്‌പ വാങ്ങിയാണ് ടിഎസ് കല്യാണരാമൻ തന്റെ ആദ്യ ജ്വല്ലറി തുറന്നത്. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കമ്ബനിയുടെ മൂല്യം കുതിച്ചുയർന്നതിനൊപ്പം തന്ന കല്യാണരാമന്റെ ആസ്‌തിയിലും വൻ കുതിപ്പാണ് ഇക്കാലം കൊണ്ട് ഉണ്ടായിരിക്കുന്നത്. നിലവില്‍ ഫോബ്‌സിന്റെ അതി സമ്ബന്ന പട്ടികയില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹത്തിന്റെ സമ്ബാദ്യം ഏകദേശം 17,000 കോടിക്ക് മുകളില്‍ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.