കോഴിക്കോട്: എഴുത്തുകാർ ഒരേസമയം ബാഹ്യസമ്മർദത്തെയും ആന്തരികസമ്മർദത്തെയും നേരിടുന്നുവെന്നും ഇക്കാലത്ത് ഇത് അതിജീവിക്കാൻ പ്രയാസമാണെന്നും എഴുത്തുകാരൻ എം. മുകുന്ദൻ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രൻ എഴുതിയ ‘ജ്ഞാനസ്നാനം’ നോവൽ പ്രകാശനംചെയ്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഹ്യസമ്മർദം വിപണിയുടെ സമ്മർദമാണ്. ആന്തരികസമ്മർദം സർഗാത്മകതയുടെ നിരന്തരമായ ഉൾവിളിയാണ്. ഇതിനെ രണ്ടും അതിജീവിച്ച് മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെന്ന രാഷ്ട്രീയയാത്രയെ സർഗാത്മകയാത്രയാക്കി മാറ്റാൻ സുഭാഷ് ചന്ദ്രന് കഴിഞ്ഞു.
“ആഖ്യാനമികവുകൊണ്ട് അപൂർവമായ ഈ രചന വലിയ വാചകങ്ങളിൽ വായനക്കാരെ കുടുക്കിയിടുന്നു. വിശുദ്ധ അമ്മ ത്രേസ്യ ‘ദൈവത്തിന്റെ കൈയിലെ പെൻസിലാണ് താനെ’ന്നാണ് സ്വയം വിശേഷിപ്പിച്ചത്. ഈ വിശേഷണം സുഭാഷിനും ചേരും” -മുകുന്ദൻ പറഞ്ഞു.മലയാള കഥാസാഹിത്യത്തിൽ കൊത്തിവെച്ച ഈ കൃതി വാക്കുകളുടെ തീക്ഷ്‌ണതയും ഗാംഭീര്യവുംകൊണ്ട് ശ്രദ്ധേയമാവുന്നെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. “ഭൂതകാലത്തെയും വർത്തമാനകാലത്തെയും പുസ്‌തകം കൂട്ടിയിണക്കുന്നു. ഏത് കാലത്തിനുമുള്ള മരുന്നാണ് ഗാന്ധി എന്ന് ഓർമ്മപ്പെടുത്തുന്നു, നിർവചിക്കുന്നു” – സതീശൻ പറഞ്ഞു. എഴുത്തുകാരി സുധാമേനോൻ, ഗായത്രി മധുസൂദനൻ എന്നിവരും സംസാരിച്ചു.എക്കാലവും കമ്യൂണിസ്റ്റ് സഹയാത്രികനായാണ് താൻ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും കോൺഗ്രസുകാരനാവാൻ വലിയ ആഗ്രഹം തോന്നുന്നുവെന്ന് തമാശരൂപത്തിൽ മുകുന്ദൻ പറഞ്ഞു. കോൺഗ്രസുകാർ എപ്പോഴും തൂവെള്ളവസ്ത്രം ധരിക്കുന്നതിനാലാണിത്. മുൻപ് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകുമ്പോൾ വി.ഡി. സതീശനെ കണ്ട കാര്യം ഓർത്തെടുത്തായിരുന്നു മുകുന്ദന്റെ ഈ വെളിപ്പെടുത്തൽ.