വിമർശനം തുടരുന്ന ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: തുടർച്ചയായുള്ള ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ്റെ വിമർശങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനം തുടരുന്നതിനാൽ നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറയുമെന്നാണ് സൂചന. മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തിൽ തർക്കത്തിൽ ഇല്ലെന്ന് പറഞ്ഞെങ്കിലും ഗവർണർ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം ശക്തമാണ്.ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് രൂക്ഷമായ ഭാഷയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖം ഉയർത്തിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ വിമർശനം. മുഖ്യമന്ത്രിയെ വിശ്വാസമില്ലന്ന് പറഞ്ഞ ഗവർണർ, മുഖ്യമന്ത്രിയേക്കാൾ വിശ്വാസം ഹിന്ദു പത്രം പറഞ്ഞതിലാണെന്നും പറഞ്ഞിരുന്നു. ഹിന്ദു പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി കോടതിയിൽ പോകുന്നില്ല എന്നതാണ് ഗവർണർ ഉന്നയിക്കുന്ന ചോദ്യം.സ്വർണക്കടത്തിലും ഹവാല ഇടപാടുകളിലും ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചിരുന്നു. ആദ്യ മറുപടി നൽകാൻ 20 ദിവസം എടുത്തു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ രാഷ്ട്രപതിയെ അറിയിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾ പ്രതികരണം ആരായുമ്പോഴാണ് മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുള്ള ഗവർണറുടെ പ്രതികരണം.അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ദേശാഭിമാനി ആരോപിച്ചു. ഗവർണർക്ക് തന്നിൽ നിഷിപ്‌തമായ കർത്തവ്യത്തിൻ്റെ ഔന്നിത്യവും അതിരും അറിയാത്തതല്ല. മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാട്ടുക എന്നതാണ് ഗവർണരുടെ ലക്ഷ്യം. അതുവഴി തന്റെ യജമാനൻമാരുടെ രാഷ്ട്രീയത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിക്കൊടുക്കാമെന്ന് ഗവർണർ വ്യാമോഹിക്കുകയാണെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.