കാസര്‍കോഡ് ബദിയടുക്കയിലെ ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായി ബദിയടുക്ക സ്വദേശിയായ യുവതിയും യുവതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ ഭാര്യയും നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ബദിയടുക്കയിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തിയെ കഴിഞ്ഞ ദിവസമാണ് കുന്താപുരയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബദിയടുക്ക സ്വദേശികളായ മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഷിഹാഫുദ്ദീന്‍, അലി, മുഹമ്മദ് ഹനീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ അഞ്ചിന് ക്ലിനിക്കില്‍ എത്തിയ യുവതിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ ഡോക്ടറുടെ ക്ലിനിക്കിലെത്തി ഒരു സംഘം ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ ഭാര്യ പരാതി നല്‍കി. ക്ലിനിക്കില്‍ വെച്ച് അപമാനിച്ചതായി കാണിച്ച് യുവതിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനിടെ നാട്ടില്‍ നിന്നും കാണാതായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.