സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെ’, മന്ത്രി റിയാസിനേയും ലക്ഷ്യമിട്ട് അൻവർ മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. സ്വർണക്കടത്ത് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അൻവറിൻ്റെ ആരോപണം. ശിവശങ്കർ വിഷയം ഉൾപ്പെടെ അദ്ദേഹം ഉന്നയിച്ചു. മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ പോലും പിണറായിക്ക് അറിയില്ല. കാര്യങ്ങൾ ഇങ്ങനെ പോയാൽ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായിയെന്നും അൻവർ പരിഹസിച്ചു.പിണറായി വിജയനെ മുന്നോട്ട് നയിക്കുന്നത് ഉപചാപ സംഘങ്ങളാണെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും അൻവർ പറഞ്ഞു. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്നും അവരോടാണ് ബാദ്ധ്യതയെന്നും താൻ രാജി വയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അൻവർ പറഞ്ഞു. പിതാവിൻ്റെ സ്ഥാനത്താണ് പിണറായി വിജയനെ കണ്ടത്. എന്നാൽ അദ്ദേഹം എന്നെ ചതിച്ചു. ഉന്നതർക്ക് എന്ത് അഴിമതിയും നടത്താമെന്നതാണ് സ്ഥിതിയെന്നും അൻവർ ആരോപിച്ചു.സിപിഎമ്മിൽ അടിമത്തമാണ് നടക്കുന്നത്. മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടിയാകാം ഇതെല്ലാം. പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോയെന്നും അൻവർ ചോദിക്കുന്നു. ഇതിലൂടെ മന്ത്രി റിയാസിനേയും അൻവർ ലക്ഷ്യമിടുകയാണ്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന് പോലും രക്ഷയില്ലെന്നും അൻവർ പരിഹസിച്ചു. ആഭ്യന്തര മന്ത്രിയായി ഒരു നിമിഷം പോലും തുടരാൻ പിണറായിക്ക് അർഹതയില്ലെന്നും അദ്ദേഹത്തിന്റെ ശോഭ കെട്ടുവെന്നും അൻവർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published.