കൊല്‍ക്കത്ത: ആർ ജി കർ മെഡിക്കല്‍ കോളേജും ഹോസ്പിറ്റലിന്റെ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ട്രെയിനി ഡോക്ടർ വധക്കേസിന് പിന്നാലെ അദ്ദേഹത്തിന്റെ കാലത്ത് കോളേജിൽ നടന്നത് മാഫിയ രീതിയിലുള്ള അഴിമതിയും കുറ്റകൃത്യങ്ങളുമാണെന്ന് ആരോപണങ്ങൾ പുറത്തുവന്നിരിക്കുന്നു.
മെഡിക്കല്‍ കോളേജിൽ അജ്ഞാത മൃതദേഹങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചതിൽ സന്ദീപ് ഘോഷിന് പങ്കുണ്ടെന്ന് ആരോപണങ്ങൾ ഉണ്ട്. കൂടാതെ, ബയോമെഡിക്കല്‍ മാലിന്യങ്ങൾ അനധികൃതമായി വിൽക്കുകയും സലൈൻ ബോട്ടിലുകൾ, റബ്ബർ ഗ്ലൌസ്, സിറിഞ്ചുകൾ, സൂചികൾ എന്നിവയും പണം വാങ്ങി വിറ്റതായും കോളേജിലെ മുൻ സൂപ്രണ്ട് ഡോ. അക്താർ അലി ആരോപിക്കുന്നു.
അദ്ദേഹം വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി പാസ് മാർക്ക് നൽകുകയും ടെണ്ടറുകളിൽ 20 ശതമാനം കമ്മീഷൻ കൈപ്പറ്റുകയും ചെയ്തുവെന്നാണ് ആരോപണം. ഈ ആരോപണങ്ങൾ ഉയർത്തിയതിനാൽ തന്നെ സ്ഥലം മാറ്റിയതാണെന്ന് മുൻ സൂപ്രണ്ട് ആരോപിക്കുന്നു. നിലവിലെ കൊലപാതകത്തിന് ശേഷം, കഴിഞ്ഞകാലത്ത് ആശുപത്രിയിൽ നടന്ന നിരവധി സംശയാസ്പദ മരണങ്ങളും ചർച്ചയാകുകയാണ്.