മാലിദ്വീപില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കുറഞ്ഞത് ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികളുടെ ഇടുങ്ങിയ പാര്‍പ്പിടങ്ങളില്‍ തീപടര്‍ന്നതിനെ തുടര്‍ന്നാണ് ദുരന്തം ഉണ്ടായത്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വാഹനങ്ങള്‍ നന്നാക്കുന്ന ഗ്യാരേജില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് ജീവഹാനി സംഭവിച്ചത്.മുകളിലത്തെ നിലയില്‍ നിന്നാണ് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.
മരിച്ച പത്തുപേരില്‍ ഒന്‍പത് പേര്‍ ഇന്ത്യക്കാരാണെന്നും ഒരാള്‍ ബംഗ്ലാദേശി ആണെന്നും സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. ആളുകള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ ഒന്നാണിത്.