Dileep: നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും

Spread the love

നടിയെ ആക്രമിച്ച കേസില്‍ 11 മാസത്തെ ഇടവേളയ്ക്ക് ശേഷം വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. വിസ്താരം അവശേഷിയ്ക്കുന്ന 36 സാക്ഷികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സമന്‍സ് അയച്ചിരുന്നു. ഇന്ന് രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുക. സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബര്‍ ആറു വരെ വിസ്തരിക്കേണ്ടവരുടെ പട്ടികയാണ് തയാറായിട്ടുള്ളത്.

നടി മഞ്ജു വാര്യര്‍, കേസിലെ സാക്ഷിയായ സാഗര്‍ വിന്‍സെന്റ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ എന്നിവരെ നേരത്തേ വിസ്തരിച്ചെന്ന സാങ്കേതിക കാരണത്താല്‍ തല്‍ക്കാലം വിസ്തരിക്കില്ല. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കി പ്രതിഭാഗത്തിന്റെകൂടി വാദം കേട്ടശേഷമേ തീരുമാനമെടുക്കാനാകൂ എന്നാണ് കോടതിയുടെ നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് നോട്ടീസ് അയക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തെ നല്‍കിയ നോട്ടീസ് ദിലീപ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ മുഖേന നോട്ടീസ് അയക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്

Leave a Reply

Your email address will not be published.