ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്താത്തതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി.കോൺഗ്രസിൻ്റെ പ്രചാരണം പ്രിയങ്കാ ഗാന്ധിയാണ് മുന്നിൽ നിന്ന് നയിക്കുന്നത്.
ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലാണ്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ഹിമാചലിൽ പ്രചാരണ റാലികളിൽ പങ്കെടുക്കുന്നുണ്ട്.
കോൺഗ്രസ് ഹിമാചലിൽ BJP യിൽ നിന്ന് അധികാരം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പാർട്ടിക്കുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധി.ഇതിന് പുറമെയാണ് രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താത്തതിൽ നേതാക്കളുടെ ഭാഗത്ത് നിന്നും ഉയരുന്ന അതൃപ്തിയും പാർട്ടിൽ ചർച്ചയാകുന്നത്. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്നും ഹിമാചലിൽ പ്രചാരണ രംഗത്ത് പ്രതിസന്ധിയില്ലെന്നും പാർട്ടി അധികാരത്തിലെത്തുമെന്നും മുതിർന്ന നേതാക്കൾ അവകാശപ്പെടുന്നു.
അതേസമയം രാഹുൽ പ്രചാരണത്തിനെത്താത്തതിൽ സംസ്ഥാന നേതാക്കൾക്കുള്ള അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.നവംബർ 12 ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് പ്രചാരണ രംഗത്തെ രാഹുലിൻ്റെ അഭാവം ചർച്ചയാകുന്നത്.
രാഹുൽ ഗാന്ധി പോലും എത്തിയില്ല, കോൺഗ്രസിന് പോലും വിജയപ്രതീക്ഷയില്ലെന്ന് ഇതിൽ നിന്ന് വ്യക്തമല്ലേയെന്ന് ഹിമാചലിലെ BJP നേതാക്കളും ചോദിക്കുന്നു .എന്തായാലും രാഹുൽ ഗാന്ധിയുടെ പ്രചാരണ രംഗത്തെ അസാനിധ്യം ചർച്ചയാകുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.