കോര്‍പറേറ്റുകളുമായുള്ള മുഖ്യന്‍റെ ബന്ധം പരസ്യമായ രഹസ്യം, സഖാക്കള്‍ പിണറായിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു

Spread the love

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിക്ക് പാര്‍ട്ടിയുടെ കുരുക്ക്. കരമന ഹരിയോട് സിപിഎം വിശദീകരണം തേടി. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ ഹരിയുടെ പരാമര്‍ശം. മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തില്‍ തന്നെ എം.സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ പേര് പറയാന്‍ കരമന ഹരി തയാറായില്ല. തുടര്‍ന്നാണ് ആരോപണത്തില്‍ വിശദീകരണം തേടിയത്. തലസ്ഥാനത്തെ ഒരു മുതലാളിക്ക് പിണറായി വിജയന്റെ അടുക്കള വരെ സ്വാധീനം. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായിക്കെതിരെ പച്ചയ്ക്ക് പറഞ്ഞ നേതാവ് നോട്ടപ്പുള്ളി. സ്വരാജും കൂട്ടരും തീര്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. അതെന്താണ് സഖാക്കളെ പിണറായി വിജയനെ പറഞ്ഞാല്‍ ഇത്ര പൊള്ളല്‍. പിണറായി വിജയന്റെ കൈയ്യിലാണോ സിപിഎമ്മിന്റെ തലയിലെഴുത്ത് ഇരിക്കുന്നത്. സകലമാന കോര്‍പറേറ്റുകളുമായും ബന്ധമുള്ള ആളാണ് പിണറായി. അവരുടെ കാലുനക്കി ഈ പാര്‍ട്ടിയെ വിറ്റ കാശും കൊണ്ടാണ് തൈക്കണ്ടിയില്‍ കുടുംബം വന്‍ സാമ്രാജ്യം കെട്ടിപ്പൊക്കിയിരിക്കുന്നത്. ഈ പാര്‍ട്ടി ചത്ത് അതിന്റെ ചരമഗീതം എഴുതാറായി ഇരിക്കുന്ന വേളയില്‍ ബോധമുള്ള കുറച്ച്‌ സിപിഎമ്മുകാര്‍ സത്യങ്ങള്‍ വിളിച്ച്‌ പറയുമ്പോള്‍ പിണറായിക്കും ശിങ്കിടികള്‍ക്കും പൊള്ളല്‍. കരമന ഹരിയുടെ പരാമര്‍ശം പരിശോധിക്കുമെന്നും എം.സ്വരാജ് വ്യക്തമാക്കി. ഇന്നലത്തെ കമ്മിറ്റിയില്‍ ഹരി പങ്കെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവിധ ബോര്‍ഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരം നഗരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ്. നഗരസഭ മുന്‍ കൗണ്‍സിലറുമായ ഹരി മുഖ്യമന്ത്രിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്.

മാസപ്പടി ആക്ഷേപത്തില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കള്‍ക്കെതിരായ ആക്ഷേപങ്ങളില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. അങ്ങനെ ചെയ്താല്‍ എന്തായിരുന്നു കുഴപ്പമെന്നും ജില്ലാ കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു. സ്പീക്കര്‍ എ.എന്‍.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. നഗരസഭയ്‌ക്കെതിരെയും മേയര്‍ ആര്യ രാജേന്ദ്രനെതിരെയും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിണറായിക്ക് നേരെ വലിയ വിമര്‍ശനം വരുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് തിരുവനന്തപുരത്തെ യോഗത്തില്‍ നടന്നതും. കൊല്ലത്തും കണ്ണൂരിലും ഇതിന്റെ ഡബിള്‍ അടിയാണ് മുഖ്യമന്ത്രി കിട്ടിയത്. എന്നാല്‍ മറ്റ് യോഗങ്ങളില്‍ പിണരായീടെ ദാര്‍ഷ്ട്യം വീണയുടെ മാസപ്പടിയൊക്കെ ആണ് വലിയ ചര്‍ച്ചയായതും നേതാക്കള്‍ വലിച്ചിട്ട് അലക്കിയതും. എന്നാല്‍ തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ വ്യവസായികളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പോരാത്തതിന് കരമന ഹരി പിണറായി പാളയത്തില്‍ നിന്നുള്ള ആളാണ്. കൂട്ടത്തില്‍ നിന്ന് വലിയ വെടി പൊട്ടിയതാണ് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. വ്യവസായികളുമായുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ബന്ധം പണ്ടേക്ക് പണ്ട് മുതലേ പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്. വി എസ് അച്യുതാന്ദന്‍ പലയാവര്‍ത്തി പിണറായിയെ നിര്‍ത്തിപ്പൊരിച്ചിട്ടുണ്ട്. വെറുക്കപ്പെട്ടവന്മാരുമായൊക്കെ തോളില്‍ കൈയ്യിടുന്ന ബന്ധം. വീണയുടെ പഠനം പിന്നീട് ജോലി സ്വന്തമായി എക്‌സാലോജിക് കമ്ബനി തുടങ്ങിയത് ഇതിലെല്ലാം വ്യവസായ പ്രമുഖന്മാര്‍ക്ക് പങ്കുണ്ട്. പല വ്യാവസായ മുതലാളിമാര്‍ക്കും പിണറായി വിജയന്റെ അടുക്കളയില്‍ വരെ സ്വാതന്ത്ര്യം ഉണ്ട്. അതിപ്പോള്‍ കൂട്ടത്തിലുള്ളവര്‍ തുറന്ന് പറയുമ്ബോള്‍ പൊള്ളിയിട്ട് കാര്യമില്ല. വിമര്‍ശനത്തിന് അതീതനെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം തുടര്‍ന്ന് സിപിഎം ജില്ലാ കമ്മറ്റികള്‍. ഏറ്റവും ഒടുവില്‍ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മറ്റികളിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുയര്‍ന്നത്. മുഖ്യമന്ത്രിയുടെ ശൈലി പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും അത് തിരുത്തണമെന്നുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മന്ത്രിമാരില്‍ വീണാ ജോര്‍ജ്, എംബി രാജേഷ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് കാര്യമായ വിമര്‍ശനമുണ്ടായത്. ഒന്നാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജ വഹിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നായിരുന്നു ചില പ്രതിധിനികള്‍ ചോദിച്ചത്. ഇതിനിടെ കേരളത്തിലെ പരാജയത്തിന് ഭരണ വിരുദ്ധ വികാരം കാരണമായെന്ന വാദം മൂന്നു ദിവസമായി ഡല്‍ഹിയില്‍ നടന്ന സി.പി.എം കേന്ദ്രകമ്മിറ്റി തള്ളിയില്ല. തോല്‍വിയില്‍ ആഴത്തിലുള്ള പരിശോധന നടത്തും. പരാജയ കാരണങ്ങള്‍ പഠിക്കും. തിരിച്ചടിക്ക് ഇടയാക്കിയ വിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. തിരുത്തലിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കി നല്‍കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published.