സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി മിസ്സാക്കി പൊട്ടിക്കരഞ്ഞ അധികസമയം. എന്നാല്‍ പോർച്ചുഗല്‍ തോല്‍ക്കാൻ തയ്യാറല്ലായിരുന്നു. ആവേശപ്പോരിനൊടുക്കം ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പർ കോസ്റ്റ പോർച്ചുഗലിന്റെ ഹീറോയായി മാറി. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയെ കീഴടക്കി പോർച്ചുഗല്‍ യൂറോ കപ്പ് ക്വാർട്ടറിലേക്ക് കടന്നു. പോർച്ചുഗീസ് മുന്നേറ്റനിര തുടർച്ചയായി ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. ഷൂട്ടൗട്ടില്‍ 3-0 നാണ് പോർച്ചുഗലിന്റെ വിജയം. പോർച്ചുഗീസ് ഗോള്‍കീപ്പർ ഡിയാഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളാണ് പോർച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കും കോസ്റ്റ തടുത്തിട്ടു. നേരത്തേ മത്സരത്തിന്റെ മുഴുവൻ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ഇരുടീമുകള്‍ക്കും വലകുലുക്കാനായില്ല. മത്സരത്തിലുടനീളം റോണോയും സംഘവും കിടിലൻ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്ലൊവേനിയൻ പൂട്ട് പൊളിക്കാനായില്ല. ക്രിസ്റ്റ്യാനോയും സംഘവും ആദ്യ മിനിറ്റുകളില്‍ തന്നെ ആധിപത്യം പുലർത്തുന്നതാണ് കണ്ടത്. ബ്രൂണോ ഫെർണാണ്ടസിന് അത് കണക്‌ട് ചെയ്യാനായില്ല. കിട്ടിയ അവസരങ്ങളില്‍ സ്ലൊവേനിയയും മുന്നേറി. 5-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വെച്ച് ലഭിച്ച മികച്ച അവസരം റൂബൻ ഡയസ് നഷ്ടപ്പെടുത്തി. പിന്നാലെ 13-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് മുന്നേറിയ ബെർണാഡോ സില്‍വ സ്ലൊവേനിയയുടെ ബോക്സ് ലക്ഷ്യമാക്കി ഉഗ്രൻ ക്രോസ് നല്‍കി.