
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില് കേരളത്തില് ഏറ്റവുമധികം വാശിയോടെ പ്രചാരണം നടന്ന വടകര മണ്ഡലവുമായി ബന്ധപ്പെട്ട ‘കാഫിര്’ വിവാദത്തില് മറുപടിയില്ലാതെ പ്രതിരോധത്തിലായി സി.പി.എം. ‘കാഫിറായ ശൈലജ ടീച്ചര്ക്ക് വോട്ട് ചെയ്യരുതെന്ന്’ ആഹ്വാനംചെയ്യുന്ന സ്ക്രീന്ഷോട്ട് മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർ പ്രചരിപ്പിച്ചു എന്നായിരുന്നു സി.പി.എം അണികളുടെ ആരോപണം. ലീഗ് ഇറക്കിയതെന്ന വിധത്തില് സ്ക്രീന്ഷോട്ട് സോഷ്യല്മീഡിയകളിലും വ്യാപകമായി കൈമാറ്റംചെയ്യപ്പെട്ടു. മുന് എം.എല്.എയും കോഴിക്കോട്ടെ പ്രമുഖ സി.പി.എം നേതാവുമായ കെ.കെ ലതിക അടക്കം ഖാസിമിന്റെ പേരിലുള്ള സ്ക്രീന് ഷോട്ട് ഫേസ്ബുക്കില് പങ്കുവയ്ക്കുകയും ‘വര്ഗീയതയ്ക്കെതിരേ’ പോസ്റ്റിടുകയുംചെയ്തു. ഇതോടെ സ്ഥാനാര്ഥി ഷാഫി പറമ്ബില് അടക്കമുള്ളവര്ക്ക് അതുമായി ബന്ധമില്ലെന്ന് പറയേണ്ടിവന്നു. യു.ഡി.എഫും തള്ളിപ്പറഞ്ഞു. എന്നാലിപ്പോള്, സംഭവത്തില് ലീഗിനും യു.ഡി.എഫിനും യാതൊരു പങ്കുമില്ലെന്ന് സി.പി.എമ്മിന് കീഴിലുള്ള പൊലിസ് തന്നെ വ്യക്തമാക്കിയതോടെയാണ് പാര്ട്ടി പ്രതിരോധത്തിലായത്.