
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ പാസാക്കിയ നടിപടിക്കെതിരെ സ്പീക്കര്‍ക്ക് കത്ത് നല്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കത്ത് നല്‍കിയത്. സബ്ജക്ട് കമ്മിറ്റിയിലും സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബില്‍ വീണ്ടും സഭയുടെ പരിഗണനയക്ക് എത്തുമ്ബോഴും പ്രതിപക്ഷത്തിന് ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. ഇത് ബോധപൂര്‍വം ഇല്ലാതെയാക്കുന്ന നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് സഭാതലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അജണ്ടയില്‍ പറഞ്ഞിരുന്നതിന് വിരുദ്ധമായി ബില്ലുകള്‍ പരിഗണനക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്കി. ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ സഭ പാസാക്കുകയുമായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശന് കത്തില്‍ ചൂണ്ടിക്കാട്ടി.