
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി രംഗത്ത് വന്നത് ഭര്‍ത്തൃവീട്ടിലെ സമ്മര്‍ദ്ദം കൊണ്ടായിരിക്കുമെന്ന് പിതാവ്. മകളെ അവര്‍ കസ്റ്റഡിയിലാക്കി മൊഴി നല്കിച്ചുകൊണ്ടിരിക്കുകയാണെന്നും പെണ്‍കുട്ടി ഇപ്പോള്‍ മിസ്സിംഗാണെന്നും പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ നിരപരാധിയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി പറഞ്ഞിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തെറ്റായ പരാതികള്‍ ഉന്നയിച്ചത്. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെ അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യ മീഡിയയില്‍ വീഡിയോയിലൂടെ പറഞ്ഞത്. ഇതിനുപിന്നാലെയാണ് പിതാവും രംഗത്ത് വന്നത്. മകളിപ്പോള്‍ ഭര്‍ത്താവിന്റെ കസ്റ്റഡിയില്‍ ആണെന്നും പ്രതിയുടെ സമ്മര്‍ദ്ദം കാരണമാണ് പെണ്‍കുട്ടി മൊഴി തിരുത്തിപ്പറഞ്ഞതെന്നും പിതാവ് പറഞ്ഞു. യുവതിയെ കാണാനില്ലെന്ന് ആരോപണവുമായി കഴിഞ്ഞ ദിവസം സഹോദരന് രംഗത്ത് വന്നിരുന്നു. മെയ് 28 ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന് പറഞ്ഞു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കുടുംബം പറഞ്ഞിരുന്നു.