
മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്ന് സൂചന. ഇന്ന് തനിക്ക് പിന്തുണ നല്കുന്ന സഖ്യകക്ഷികളുടെ കത്തുമായി രാഷ്ട്രപതിയെ കാണുന്ന അദ്ദേഹം പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതകള്‍ അറിയിക്കും. ബിജെപിയില്‍ നിന്നും ആരെല്ലാം മന്ത്രിമാരാകുമെന്നും ഏതൊക്കെ സഖ്യകക്ഷികളെ പരിഗണിക്കണമെന്നതും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം, അവരുടെ വകുപ്പുകള്‍, ബിജെപിയില്‍ നിന്ന് ആരെല്ലാം മന്ത്രിമാരാകും എന്നീ കാര്യങ്ങളാണ് ചര്‍ച്ച. തനിച്ച് ഭൂരിപക്ഷം ബിജെപിയ്ക്ക് നേടാന്‍ കഴിയാതെ പോയ സാഹചര്യം മുതലാക്കി ജെഡിയു ,ടിഡിപി, എന്നീ പാര്‍ട്ടികള്‍ കൂടുതല്‍ പദവികള്‍ക്കായി രംഗത്തുണ്ട്. വിലപേശാന്‍ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. എന്‍ഡിഎയിലെ ഒന്നും രണ്ടും എംപിമാര്‍ മാത്രമുള്ള പാര്‍ട്ടികള്‍ പോലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു രംഗത്തുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രി സ്ഥാനം അടക്കമുള്ള നിര്‍ണ്ണായക സ്ഥാനങ്ങളൊന്നും ബിജെപി വിട്ടുകൊടുത്തേക്കാന് സാധ്യതയില്ല. അതുപോലെ തന്നെ അമിത്ഷായേയും നിര്‍മ്മലാ സീതാരാമനേയും മന്ത്രിസഭയില്‍ നിലനിര്ത്തിലേക്കാന് സാധ്യതയുണ്ട്. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിംഗ് എന്നിവര്‍ക്കാണ് ചുമതല. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ എത്രയൂം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം, ബിജെപി മന്ത്രിമാര്‍ ആരൊക്കെ തുടങ്ങിയവയിലേക്ക് ബിജെപി പൂര്‍ണ്ണമായും ചര്‍ച്ച കേന്ദ്രീകരിച്ചു കഴിഞ്ഞു. കൃഷി, വിദ്യാഭ്യാസം ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, ലോക്സഭാ സ്പീക്കര്‍ സ്ഥാനം, കേന്ദ്ര മന്ത്രി, സഹമന്ത്രി എന്നിവയെല്ലാം ടിഡിപി ആവശ്യപ്പെട്ടേക്കും. സ്പീക്കര്‍ സ്ഥാനവും അഞ്ച് മന്ത്രിസ്ഥാനങ്ങളും ജെഡിയുവിനും ആഗ്രഹമുണ്ട്. ജെപി നദ്ദയുടെ വീട്ടിലാണ് ചര്‍ച്ചകള്‍ നടന്നു വരുന്നത്.