
ചാലുങ്കല്‍പടിക്കു സമീപം ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പരുക്കേറ്റ യുവാവ് രാത്രി മുഴുവനും ഓടയില്‍ വീണു കിടന്നു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്ബില് സി ആർ വിഷ്ണുരാജ് (30) ആണു മരിച്ചത്. രാത്രി മുഴുവൻ യുവാവ് പരുക്കേറ്റ് ഓടയില്‍ കിടന്നെങ്കിലും പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാല്‍ ആരുമറിഞ്ഞില്ല. പുലർച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടത്. സമീപത്തു പരിശോധന നടത്തിയപ്പോള്‍ ഓടയില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹവും കണ്ടു. ആശുപത്രിയില്‍നിന്നു രാത്രി ഒൻപതോടെ വീട്ടിലേക്കു പുറപ്പെട്ടതാണ്. ചങ്ങനാശേരി വഴിയാണു ദിവസവും വീട്ടിലേക്കു പോയിരുന്നത്. എന്നാല്‍, പുതുപ്പള്ളി ഭാഗത്തേക്കു പോയത് എന്തിനാണെന്നു വ്യക്തമായിട്ടില്ല. എങ്ങനെ അപകടത്തില്‍പെട്ടെന്ന കാര്യത്തിലും വ്യക്തതയില്ല. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു മരിച്ച വിഷ്ണുരാജ്. ഡിവൈഎഫ്ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍പെട്ടതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.