
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയും അത് രാഷ്ട്രീയ പ്രചരണമാക്കി മാറ്റുകയും ചെയ്തിട്ടും ബിജെപിയ്ക്ക് അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ അടിപറ്റിയതെങ്ങിനെയെന്ന ചര്‍ച്ച രാഷ്ട്രീയവേദിയില്‍ പുരോഗമിക്കുന്നുണ്ട്.”മഥുരയും കാശിയുമല്ല. ഇത്തവണ അവ്ധേശ് പാസി.” അയോദ്ധ്യയിലെ രാമക്ഷേത്ര കെണിക്ക് സമാജ്വാദി പാര്‍ട്ടി ഉയര്‍ത്തിയ ഈ കാഹളം ബിജെപി ക്യാംപിനെ മറിച്ചുകളഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുതേടാന്‍ പ്രധാനമായും ഉയര്‍ത്തിയത് അയോദ്ധ്യയിലെ രാമക്ഷേത്ര വാദമായിരുന്നെങ്കില്‍ ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയതാകട്ടെ അവധേശ് പ്രസാദിനെയും. സാധാരണഗതിയില്‍ സംവരണ മണ്ഡലത്തില്‍ മാത്രം പട്ടികജാതിക്കാരെ ഉപയോഗിക്കുന്ന പതിവ് വിട്ട് എസ്പി അവ്ധേശിനെയാണ് ഇവിടെ മത്സരിപ്പിച്ചത്. എന്നാല്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടു വന്ന രാമക്ഷേത്ര പ്രചരണം ഏശാതെ പോയതിന് കാരണം അവ്ധേശ് പ്രസാദ് എന്ന ദളിതനായിരുന്നു. ഫൈസാബാദില്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പാസി സമുദായക്കാരനായ അവ്ധേശിനെ ഇറക്കിയാണ് എസ്പി വിജയം നേടിയത്. ഒമ്പത് തവണ എംഎല്‍എ യും ഒരു തവണ മുന്‍ മന്ത്രിയുമായിരുന്ന ദളിത് വിഭാഗത്തില്‍ പെടുന്ന അവ്ധേശിനെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ സമാജ്വാദി പാര്‍ട്ടി തയ്യാറാകുകയായിരുന്നു. നീക്കം വിജയിച്ചപ്പോള്‍ ബിജെപിയുടെ ലല്ലു സിംഗ് തകര്‍ന്നു. 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അവധേശ് എതിരാളിയെ മലര്‍ത്തിയടിച്ചത്. യുപിയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഭരണവിരുദ്ധവികാരം എങ്ങിലെ അലയടിച്ചു എന്നതിന്റെ സൂചനയായിരുന്നു അവധേശിന്റെ വിജയം. രാമക്ഷേത്രം നില്ക്കുന്ന ഫൈസാബാദ് മണ്ഡലത്തില്‍ നിന്നും ജനറല്‍ സീറ്റില്‍ ഒരു ദളിതന് പാര്‍ലമെന്റിലേക്ക് എത്തുന്നത് 1957 ന് ശേഷം ആദ്യമാ്ണ്. രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി വോട്ടുതേടിയ ബിജെപിയ്ക്ക് അതൊന്നും തുണയായില്ല. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ നേതാക്കന്മാരും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും മറ്റു പ്രമുഖരും രാമക്ഷേത്രം സന്ദര്‍ശിക്കുന്നത് പതിവാക്കിയിരുന്നു.