
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.
ജസ്നയുടെ പിതാവ് ആരോപിക്കുന്ന കാര്യങ്ങളില്‍ തെളിവ് ലഭിച്ചിട്ടില്ല. പിതാവ് തെളിവ് ഹാജരാക്കുകയാണെങ്കില്‍ പരിശോധിച്ച ശേഷം തുടരന്വേഷണം നടത്താമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഇതോടെ തെളിവുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ഹാജരാക്കാൻ ജസ്നയുടെ പിതാവിന് കോടതി നിർദ്ദേശം നല്കി. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.
ജസ്നയുടെ തിരോധാനക്കേസില്‍ എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന റിപ്പോർട്ടാണ് സിബിഐ കോടതിയില്‍ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്താൻ ആവശ്യപ്പെട്ടാണ് പിതാവ് കോടതിയെ സമീപിച്ചത്. ജസ്ന കേരളത്തില്‍വച്ച് മരണപ്പെട്ടു. സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ പോയിട്ടില്ല. മരിച്ചുവെന്ന് ഉറച്ചുവിശ്വസിക്കാൻ തക്ക വിവരങ്ങള്‍ കൈവശമുണ്ടെന്നുമാണ് പിതാവ് നേരത്തെ വ്യക്തമാക്കിയത്.
ഉത്തരവാദി ജസ്നയുടെ സുഹൃത്ത്
മരണത്തിന് ഉത്തരവാദി ജസ്നയുടെ സുഹൃത്താണെന്നും പേര് ഇപ്പോള്‍ പറയുന്നില്ലെന്നും ജസ്നയുടെ പിതാവ് ജെയിംസ് കേരള കൗമുദിയോട് നേരത്തെ പറഞ്ഞിരുന്നു. എങ്ങനെ മരിച്ചുവെന്ന് 19ന് ശേഷം പറയാം. അന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥനോട് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരിട്ട് വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. അതിനുശേഷം താൻ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും തെളിവുകള്‍ പുറത്തുവിടുമെന്നുമാണ് പിതാവ് പറഞ്ഞത്.
‘അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് കൊടുത്തിരുന്നു. അതിനെതിരെ താൻ നല്കിയ ഹർജിയില്‍ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പരാമർശിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ചില ലക്ഷ്യത്തിലേക്ക് എത്തിയില്ല. അവർ കുറേ കാര്യങ്ങള്‍ അന്വേഷിച്ചു. ഇന്റർ പോള്‍ വഴി വിദേശത്തും അന്വേഷിച്ചു. പക്ഷെ, താൻ ചൂണ്ടിക്കാട്ടിയ ചില പോയിന്റുകളിലേക്ക് എത്തിയില്ല. ജസ്ന വ്യാഴാഴ്ചകളില്‍ ഒരു സ്ഥലത്ത് രഹസ്യമായി പ്രാർത്ഥനയ്ക്ക് പോകുമായിരുന്നു. കാണാതായത് ഒരു വ്യാഴാഴ്ചയാണ്. തലേന്ന് ജസ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് മാസമുറയുടെ ഭാഗമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ളതാണോ എന്ന് കണ്ടെത്തിയില്ലെന്ന് ഹർജിയില്‍ പറയുന്നു’- ജസ്നയുടെ പിതാവ് പറഞ്ഞു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പിതാവും ജസ്നയുടെ സഹോദരനും ചൂണ്ടിക്കാട്ടിയ, ജസ്നയുടെ സഹപാഠിയെ ലോക്കല്‍ പൊലീസും സിബിഐയും ചോദ്യം ചെയ്ത് നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സഹപാഠിക്ക് ജസ്നയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കണ്ടെത്തി. നാട്ടുകാർ സംശയങ്ങള്‍ ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് ജെയിംസിന്റെ വീടിനുള്ളിലും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല